അബുദാബി- റാസൽ ഖൈമ തീരത്ത് തീപിടിച്ച എണ്ണ ടാങ്കറിൽ നിന്ന് യു.എ.ഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തിയ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ‘എം.ടി ജെം നമ്പർ 2’ എന്ന കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യൻ ജീവനക്കാരെയും അപകടത്തെ തുടർന്ന് സുരക്ഷിതമായി കരയിലെത്തിച്ചതായും എല്ലാവരും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും കോൺസുലേറ്റ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഇന്ത്യൻ നാവികർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും ഉറപ്പാക്കാൻ യു.എ.ഇ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും കോൺസുലേറ്റ് അറിയിച്ചു.
The Consulate has learnt of an incident involving vessel MT GEM No. 2 off Ras Al Khaimah coast, that had 22 Indian crew members on board. All crew members have been rescued and are safe. The Consulate is in touch with UAE authorities and is extending all possible assistance and support to the Indian seafarers. @IndembAbuDhabi @MEAIndia
— India in Dubai (@cgidubai) October 11, 2026
അറേബ്യൻ ഗൾഫിൽ എണ്ണ ടാങ്കറിന് തീപിടിച്ചതിനെ തുടർന്ന് എമർജൻസി സഹായ അഭ്യർഥന ലഭിച്ച ഉടൻ തന്നെ യു.എ.ഇ നാഷണൽ ഗാർഡിന്റെ കോസ്റ്റ് ഗാർഡ് വിഭാഗം രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ കപ്പൽ കണ്ടെത്താനും അടിയന്തര സാഹചര്യം നേരിടാനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ സംഘം വിജയകരമായി ടാങ്കറിന് അടുത്തെത്തുകയും ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെടുത്തിയ ജീവനക്കാർക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം തുടർനടടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി യു.എ.ഇ നാഷണൽ ഗാർഡ് അറിയിച്ചു.







