ന്യൂയോർക്ക്- ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടാൻ തീരുമാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരുടെ അഭ്യർത്ഥന പരിഗണിച്ചാണ് നടപടി. ഇറാന്റെ നേതൃത്വം നിലവിൽ ഭിന്നതയിലാണെന്നും അവർ ഒരു ഏകീകൃത നിർദ്ദേശം സമർപ്പിക്കുന്നത് വരെ ആക്രമണം ഉണ്ടാവില്ലെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഇറാന് മേലുള്ള നാവിക ഉപരോധം തുടരാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഹോർമുസ് കടലിടുക്കിലെ യുഎസ് ഉപരോധം യുദ്ധപ്രഖ്യാപനമാണെന്നും വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുമ്പ് ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുന്നത് ലോകത്തിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യൂറോപ്യൻ യൂണിയനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ട്രംപിന്റെ തീരുമാനത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്വാഗതം ചെയ്തു. ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകളിലൂടെ ശാശ്വതമായ സമാധാന കരാറിൽ എത്താൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനിടെ, ഇസ്രായേലും ഹിസ്ബുള്ളയും പരസ്പരം ആക്രമണം നടത്തിയതിനെത്തുടർന്ന് അവിടുത്തെ വെടിനിർത്തൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഹിസ്ബുള്ളയെ നിരായുധീകരിക്കാനാണ് തന്റെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാമും വ്യക്തമാക്കിയിട്ടുണ്ട്.



