മലപ്പുറം: 2022 ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ മത്സരം സംഘടിപ്പിക്കാന്‍ ശ്രമിച്ചത് സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. ഇൗ വിഷയത്തില്‍ ഒരു ചില്ലിക്കാശ് പോലും സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല. മത്സരം നടത്താന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും (എ എഫ് എ) സ്പോണ്‍സറും തമ്മിലാണ് കരാറൊപ്പിട്ടത്. ഇൗ കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒരു ബാധ്യതയും ഉണ്ടാക്കിയിട്ടില്ലെന്നും വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.
കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്. സ്പോണ്‍സര്‍ക്ക് പണമടയ്ക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതിയുമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്ക് വഴിയാണ് സ്പോണ്‍സര്‍ എ എഫ് എയ്ക്ക് പണമടച്ചത്. കായിക വകുപ്പ് സെക്രട്ടറിയുടെ അപേക്ഷ പ്രകാരം മാത്രമേ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങള്‍ ഇത്തരം അനുമതികള്‍ നല്‍കൂ. അതിനാല്‍ കായികവകുപ്പ് ഒന്നും അറിഞ്ഞിരുന്നില്ലെന്ന പ്രചാരണം പച്ചക്കള്ളമാണ്.
അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. കലൂരിലെ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്പോണ്‍സര്‍ക്ക് സ്റ്റേഡിയത്തിന്മേല്‍ അവകാശം അനുവദിച്ചുവെന്ന പ്രചാരണം അങ്ങേയറ്റം ദുരുദ്ദേശപരവുമാണ്.
സമഗ്ര കായിക വികസനം ലക്ഷ്യമിട്ട് വിദേശ സര്‍ക്കാരുകളുമായി സഹകരിച്ചുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ ക്ഷണിച്ചത് ഇൗ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. കായിക പ്രേമികള്‍ക്ക് മെസിയടങ്ങുന്ന ടീമിന്റെ മത്സരം കാണാന്‍ അവസരം ഒരുക്കാനാണ് പരിശ്രമിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് അര്‍ജന്റീന ടീം സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ചത്. സ്പോണ്‍സറാകാന്‍ താല്‍പ്പര്യം അറിയിച്ച് 2 സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ആദ്യം സ്പോണ്‍സറായി നിശ്ചയിച്ചവര്‍ വ്യവസ്ഥ പാലിക്കാത്തതിനെ തുടര്‍ന്ന് പിന്നീട് താല്‍പ്പര്യം അറിയിച്ച റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോണ്‍സറായി നിശ്ചയിക്കുകയും അവര്‍ എ എഫ് എ യുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.
മത്സരവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതയും സ്പോണ്‍സറാണ് വഹിക്കേണ്ടതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ വരുന്ന വിവരം എ എഫ് എ ഒൗദ്യോഗികമായും അവരുടെ സാമൂഹ്യമാധ്യമത്തിലൂടെയും പ്രഖ്യാപിച്ചതാണ്.
ഏതൊരു രാജ്യത്തെയും കായികമേഖലയുമായി ബന്ധപ്പെട്ട അസോസിയേഷനുകള്‍ തികച്ചും സ്വകാര്യമായ സംഘടനകളാണ്. അവരുമായി സര്‍ക്കാര്‍ നേരിട്ട് കരാറിലോര്‍പ്പെടുന്നത് ശരിയായ നടപടിയല്ല. അതുകൊണ്ടാണ് സ്വകാര്യ സ്പോണ്‍സറെ കണ്ടെത്തിയത്. എ എഫ് എയ്ക്കും അത്തരത്തില്‍ ഒരു സ്പോണ്‍സറെയാണ് താല്‍പ്പര്യമെന്ന് അറിയിച്ചിരുന്നതായും മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.
അതത് സമയത്തെ കായികവകുപ്പ് സെക്രട്ടറി, കായിക ഡയറക്ടര്‍എന്നിവരുമായി ചേര്‍ന്ന് ചര്‍ച്ച നടത്തിയ ശേഷം, അവര്‍ മുഖേനയാണ് എ എഫ് എയുമായി ആശയവിനിമയം നടത്തിയത്. എ എഫ് എയുമായി ഓണ്‍ലൈനായി നടന്ന ആശയവിനിമയങ്ങളെ തുടര്‍ന്നാണ് സ്പെയ്നിലെ മാഡ്രിഡില്‍ വെച്ച് അവരുമായി ചര്‍ച്ച നടത്തിയത്. ഈ സന്ദര്‍ശനത്തെ തുടര്‍ന്നാണ് എ എഫ് എയും സ്പോണ്‍സറും കരാറില്‍ ഏര്‍പ്പെട്ടത്. അര്‍ജന്റീന സോക്കര്‍ സ്‌കൂളുകള്‍ കേരളത്തില്‍ തുടങ്ങുക, കായികപരിശീലന അക്കാദമികള്‍ ആരംഭിക്കുക, നമ്മുടെ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി പരിഗണനയിലുണ്ടായിരുന്നു.
അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ ക്ഷണിക്കാന്‍ മാത്രമായിരുന്നില്ല ഈ സന്ദര്‍ശനം. ലോക ക്ലബ് ഫുട്ബോളില്‍ ഒന്നാമതുള്ള സ്പെയ്നിലെ ലാ ലിഗ, സ്പെയ്ന്‍ ഹയര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവരുമായി സഹകരിക്കുന്നതിനും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കായികവൈദഗ്ധ്യ വികസനം, സ്പോര്‍ട്സ് സയന്‍സ്, സ്പോര്‍ട്സ് റിസര്‍ച്ച്, കായികമേഖലയുടെ ഡിജിറ്റലൈസേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്പെയ്ന്‍ ഹയര്‍ സ്പോര്‍ട്സ് കൗണ്‍സിലുമായി ചര്‍ച്ച നടത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സാങ്കേതിക സഹായം, സ്പോര്‍ട്സ് സ്‌കൂളുകളിലെ കരിക്കുലം പരിഷ്‌ക്കരണം, പാരാ ഫുട്ബോള്‍, കായിക രംഗത്ത് സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിലാണ് ലാ ലിഗ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
ജിസിഡിഎ സര്‍ക്കാരിന് നല്‍കിയ കത്ത് പ്രകാരമാണ് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ തീരുമാനിച്ചത്. മത്സരത്തിന് വേണ്ടി മാത്രമായി സര്‍ക്കാര്‍ പിഎസ്യു ആയ സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം കൈമാറാന്‍ ജിസിഡിഎ തിരുമാനിക്കുകയായിരുന്നു. സ്റ്റേഡിയം സജമാക്കുന്നതിനുള്ള പ്രവൃത്തികളുടെ സാമ്പത്തിക ഉത്തരവാദിത്തം സ്പോണ്‍സര്‍ നിര്‍വഹിക്കണമെന്ന് തീരുമാനിച്ചിരുന്നു. സ്റ്റേഡിയത്തിന്മേല്‍ ഒരവകാശവും സ്പോണ്‍സര്‍ക്ക് നല്‍കിയില്ല. സ്റ്റേഡിയം ആര്‍ക്കും കൈമാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ വ്യക്തമാക്കിയതാണ്. അധികാരമേറി മൂന്ന് മാസത്തിനകം തന്നെ, കാലവര്‍ഷക്കെടുതി അടക്കമുള്ള വിഷയങ്ങള്‍ നേരിടുന്നതില്‍ പരാജയപ്പെടുകയും സംഘപരിവാറിന്റെ അജണ്ടകള്‍ നടപ്പാക്കാന്‍ പരവതാനി വിരിച്ചു കൊടുക്കുന്നത് ജനങ്ങള്‍ക്ക് ബോധ്യമാവുകയും ചെയ്തതിന്റെ നാണക്കേട് മറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാരിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയാണെന്ന് വി അബ്ദുറഹിമാന്‍ പറഞ്ഞു. മെസിയുമായി ബന്ധപ്പെട്ട വിഷയം കൂടുതല്‍ ജനശ്രദ്ധ നേടും എന്നതിനാല്‍ അത് തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തേ ഉയര്‍ത്തിയ ഇൗ ആരോപണങ്ങള്‍ക്കെല്ലാം അന്ന് തന്നെ മറുപടി നല്‍കിയതാണ്. ഇടതുപക്ഷത്തിനെതിരായ കൃത്യമായ അജണ്ടയോടെ തയ്യാറാക്കുന്ന ഇൗ ദുരാരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും വി അബ്ദുറഹിമാന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







