ഗാസ- ഗാസ സിറ്റിയിൽ വിവാഹാഘോഷത്തിനിടെ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പ്രൊജക്റ്റൈലുകൾ വിവാഹപ്പന്തലിലും പരിസരത്തുമായി പൊട്ടിത്തെറിച്ചാണ് വൻ ദുരന്തമുണ്ടായതെന്ന് പ്രാദേശിക മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ പന്തൽ പൂർണ്ണമായും തകരുകയും മിസൈൽ അവശിഷ്ടങ്ങൾ അതിവേഗത്തിൽ ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
വിവാഹപ്പന്തലിൽ പതിച്ച രണ്ട് മിസൈലുകളുടെ അവശിഷ്ടങ്ങൾ തെറിച്ചുവീണത് തൊട്ടടുത്തുള്ള അഭയാർത്ഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിലേക്കാണ്. യുദ്ധത്തെത്തുടർന്ന് സ്വന്തം വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്കൂളിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 15 പേർക്കെങ്കിലും പരിക്കേറ്റതായി അൽശിഫ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അഭയാർത്ഥി ക്യാമ്പിലെ താൽക്കാലിക പന്തലിൽ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേർന്ന് ആഘോഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് അപ്രതീക്ഷിതമായി മിസൈലുകൾ പതിച്ചത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആഹ്ലാദഭരിതമായ ഒരു വിവാഹാഘോഷം ചോരക്കണ്ണീരണിഞ്ഞ വൻ ദുരന്തമായി മാറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ ബന്ധുക്കൾ വേദനയോടെ ഓർത്തെടുത്തു.



