വാഷിംഗ്ടൺ– അമേരിക്കയിലെ ആദ്യത്തെ മുസ്ലിം സെനറ്ററായി ചരിത്രത്തിൽ ഇടംനേടിയ അബ്ദുൾ അൽസയ്യിദിന്റെ വിജയത്തിന് പിന്നിൽ കർണാടകയുമായുള്ള ശക്തമായ വേരുകൾ. മിഷിഗണിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തി യു.എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് നേതാവ് അബ്ദുൽ അൽസയ്യിദിന്റെ ഭാര്യ ഡോ. സാറ ജുകാകു ഇന്ത്യൻ വംശജയാണ്. അമേരിക്കയിൽ രാഷ്ട്രീയ ചരിത്രം രചിക്കപ്പെടുമ്പോൾ, വാഷിംഗ്ടണിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള കർണാടകയിലെ തീരദേശ പട്ടണമായ ഭട്കലാണ് ഈ വിജയത്തിൽ അഭിമാനപ്പൊലിമയിലാകുന്നത്.
മംഗളൂരുവിൽ നിന്ന് ഏകദേശം 140 കിലോമീറ്റര്‍ അകലെയുള്ള ഭട്കലുമായാണ് അമേരിക്കയിൽ ജനിച്ച സൈക്യാട്രിസ്റ്റായ സാറയുടെ കുടുംബത്തിന് ബന്ധമുള്ളത്.
ചരിത്രപ്രസിദ്ധമായ കുടുംബ പാരമ്പര്യം
ഭട്കലിലെ പ്രമുഖനായ അഭിഭാഷകനും പൊതുപ്രവർത്തകനുമായിരുന്ന ജുകാകു ഷംസുദ്ദീന്റെ കൊച്ചുമകളാണ് ഡോ. സാറ. 1950കളിൽ മുഖ്യമന്ത്രി ബി.ഡി. ജത്തിയുടെ നേതൃത്വത്തിലുള്ള അന്നത്തെ മൈസൂർ സംസ്ഥാന സർക്കാരിൽ ഡെപ്യൂട്ടി ധനമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രദേശത്തെ ആദ്യകാല നിയമവിദഗ്ധരിൽ ഒരാളായിരുന്ന ഷംസുദ്ദീൻ, ഭട്കലിൽ വൈദ്യുതി എത്തിക്കുന്നതിനും റോഡുകൾ, നഗരാസൂത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ വികസനത്തിനും നൽകിയ സംഭാവനകൾ ഇന്നും സ്മരിക്കപ്പെടുന്നുണ്ട്. അവിടത്തെ പ്രശസ്തമായ ‘അഞ്ജുമൻ ഹാമി-ഇ-മുസ്ലിമീൻ’ ജീവകാരുണ്യ സംഘടനയുടെ ഒരു കെട്ടിടത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുമുണ്ട്.
കർണാടക തീരപ്രദേശവും അറബ് ലോകവും തമ്മിലുള്ള നൂറ്റാണ്ടുകളുടെ വ്യാപാര-സാംസ്കാരിക ബന്ധം വിളിച്ചോതുന്ന ‘നവായത്ത്’ സമുദായത്തിൽപ്പെട്ടതാണ് ഈ കുടുംബം. സാറയുടെ പിതാവ് ഡോ. തയ്യിബ് ജുകാകു ബെംഗളൂരുവിൽ വൈദ്യശാസ്ത്രം പഠിച്ച ശേഷം വിദേശത്തേക്ക് കുടിയേറുകയും, 1980കളിൽ മിഷിഗണിൽ വൃക്കരോഗ വിദഗ്ധനായി സ്ഥിരതാമസമാക്കുകയുമായിരുന്നു. അമേരിക്കയിൽ വളർന്നുവെങ്കിലും മക്കൾക്ക് തങ്ങളുടെ ഇന്ത്യൻ പൈതൃകവുമായി ബന്ധം നിലനിർത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
രണ്ട് ലോകങ്ങളെ ഒന്നിപ്പിച്ച ദാമ്പത്യം
മിഷിഗൺ സർവകലാശാലയിലെ മുസ്ലിം സ്റ്റുഡന്റ്സ് അസോസിയേഷനിൽ വെച്ചാണ് സാറയും അബ്ദുൾ അൽസയ്യിദും കണ്ടുമുട്ടുന്നത്. സൗഹൃദമായി വളർന്ന ആ ബന്ധം പിന്നീട് വിവാഹത്തിൽ കലാശിച്ചു. സാറയ്ക്ക് 19 വയസ്സുള്ളപ്പോൾ, 2006 മേയിലാണ് ഇവർ വിവാഹിതരായത്. എമ്മലി, സെറീന് എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്.
തന്റെ ദക്ഷിണേന്ത്യൻ കുടുംബ പാരമ്പര്യത്തെയും ഭാര്യയെയും കുറിച്ച് തമാശരൂപേണ അൽസയ്യിദ് പലപ്പോഴും പരാമർശിക്കാറുണ്ട്. “ഒരു ദക്ഷിണേന്ത്യൻ കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ച് 20 വർഷം പിന്നിട്ടതോടെ, ഞാൻ അറബിക് എന്നതിനേക്കാൾ കൂടുതൽ ഇന്ത്യൻ ആയിരിക്കാം,” എന്ന് അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ “ഞാനല്ലാതെ മറ്റാരും അദ്ദേഹത്തോട് എന്ത് ചെയ്യണമെന്ന് പറയാറില്ല” എന്ന് സാറ തമാശയായി പറഞ്ഞത് സദസ്സിൽ ഏറെ ചിരി പടർത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ ഭർത്താവിനൊപ്പം സജീവമായി രംഗത്തുണ്ടായിരുന്നു സാറ



