വാഷിംഗ്ടണ്‍ – മൂന്ന് ഘട്ട ചര്‍ച്ചകള്‍ക്കുള്ള ഇറാന്റെ നിര്‍ദേശം അമേരിക്ക വിശകലനം ചെയ്യുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ്. ഈ നിര്‍ദേശം ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രസിഡന്റിനെയോ അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ സംഘത്തെയോ മറികടന്ന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ഇത് പരിഗണിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. ഇന്ന് രാവിലെ ഈ നിര്‍ദേശത്തെ കുറിച്ച് ഒരു ചര്‍ച്ച നടന്നുവെന്ന് മാത്രമാണ് ഞാന്‍ പറയുന്നത്. പ്രസിഡന്റ് ഉടന്‍ തന്നെ ഇതേ കുറിച്ച് നേരിട്ട് സംസാരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ലീവിറ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനും ഉപരോധങ്ങൾ നീക്കാനുമായി പാകിസ്ഥാൻ വഴി പുതിയൊരു നിർദ്ദേശം ഇറാൻ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും വെടിനിർത്തലും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഘട്ടം ഘട്ടമായി ചർച്ച നടത്താമെന്നാണ് ഇറാന്റെ വാഗ്ദാനം. എന്നാൽ തർക്കവിഷയമായ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പിന്നീടുള്ള ഘട്ടത്തിലേക്ക് മാറ്റിവെക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള തങ്ങളുടെ അവകാശത്തിന് അമേരിക്ക അംഗീകാരം നൽകണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.



