ന്യൂയോര്‍ക്ക് – ഗാസയില്‍ വിന്യസിക്കുന്ന അന്താരാഷ്ട്ര സേന ഹമാസിനെതിരെ പോരാടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ അംഗീകരിച്ച അന്താരാഷ്ട്ര സ്ഥിരതാ സേന രൂപീകരിക്കാനായി അടുത്ത മാസാദ്യം തന്നെ അന്താരാഷ്ട്ര സൈനികരെ ഗാസ മുനമ്പില്‍ വിന്യസിക്കാന്‍ കഴിയുമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഹമാസിനെ എങ്ങിനെ നിരായുധീകരിക്കുമെന്ന കാര്യം വ്യക്തമല്ല.
അന്താരാഷ്ട്ര സ്ഥിരതാ സേനയില്‍ (ഐ.എസ്.എഫ്) പങ്കാളിത്തം വഹിക്കാന്‍ പല രാജ്യങ്ങളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ അന്താരാഷ്ട്ര സേനയുടെ വലുപ്പം, അതിന്റെ ഘടന, പാര്‍പ്പിടം, പരിശീലനം, ഇടപെടല്‍ നിയമങ്ങള്‍ എന്നിവയെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐ.എസ്.എഫിന് നേതൃത്വം നല്‍കാന്‍ ഉയർന്ന റാങ്കിലുള്ള അമേരിക്കന്‍ ജനറലിനെ പരിഗണിക്കുന്നുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ അടുത്ത ഘട്ടത്തിലെ പ്രധാന ഭാഗമാണ് അന്താരാഷ്ട്ര സേനയുടെ വിന്യാസം. രണ്ട് വര്‍ഷത്തെ യുദ്ധത്തിനു ശേഷം ആദ്യ ഘട്ടത്തില്‍ ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ ആരംഭിച്ചു. ഈ ഘട്ടത്തില്‍ ഹമാസ് ഇസ്രായിലി ബന്ദികളെയും ഇസ്രായില്‍ ഫലസ്തീന്‍ തടവുകാരെയും മോചിപ്പിച്ചു.
സമാധാന കരാറിന്റെ രണ്ടാം ഘട്ടത്തിനെതിരെ ആസൂത്രണങ്ങൾ നടക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് പറഞ്ഞു. ശാശ്വതമായ സമാധാനം ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും വെറ്റ് ഹൗസ് വക്താവ് കൂട്ടിചേർത്തു. ഗാസയില്‍ ആരോഗ്യ, നിര്‍മ്മാണ സംബന്ധിയായ ജോലികള്‍ ഏറ്റെടുക്കുന്നതിന് 20,000 സൈനികരെ വരെ വിന്യസിക്കാന്‍ തയാറാണെന്ന് ഇന്തോനേഷ്യ അറിയിച്ചു. നിലവിൽ അതിനുള്ള ആസൂത്രണത്തിലും തയാറെടുപ്പിലുമാണെന്നും ഇന്തോനേഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് റിക്കോ സിറൈറ്റ് പറഞ്ഞു.
ഗാസയുടെ 53 ശതമാനം ഇപ്പോഴും ഇസ്രായില്‍ നിയന്ത്രണത്തിലാണ്. ഗാസയിലെ ഏകദേശം 20 ലക്ഷം ജനങ്ങളും അവശേഷിക്കുന്ന ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് താമസിക്കുന്നത്. ഇസ്രായില്‍ കൈവശം വെച്ചിരിക്കുന്ന പ്രദേശത്ത് ഐ.എസ്.എഫിനെ വിന്യസിക്കാന്‍ സമാധാന സമിതി എന്നറിയപ്പെടുന്ന പദ്ധതിക്ക് അന്തിമരൂപം നല്‍കേണ്ടതുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ട്രംപ് സമാധാന പദ്ധതി പ്രകാരം, ഗാസയില്‍ ഐ.എസ്.എഫ് നിയന്ത്രണവും സ്ഥിരതയും സ്ഥാപിക്കുമ്പോള്‍ ഇസ്രായില്‍ സൈന്യം ഗാസയില്‍ നിന്ന് പിന്‍വാങ്ങും. നവംബര്‍ 17 ന് അംഗീകരിച്ച യു.എന്‍ രക്ഷാ സമിതി പ്രമേയം ഗാസയുടെ ഭരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സമാധാന സമിതി സ്ഥാപിക്കുന്നതിനെയും അന്താരാഷ്ട്ര സ്ഥിരതാ സേനയെ വിന്യസിക്കുന്നതിനെയും അംഗീകരിച്ചു. സമാധാന സമിതിയില്‍ അംഗങ്ങളായ ലോക നേതാക്കളെ അടുത്ത വര്‍ഷാദ്യം പ്രഖ്യാപിക്കുമെന്ന് ട്രംപ് ബുധനാഴ്ച പറഞ്ഞു.
ഗാസ മുനമ്പിനെ നിരായുധീകരിക്കുന്ന പ്രക്രിയ ഉറപ്പാക്കിക്കൊണ്ട് സുരക്ഷ സ്ഥിരപ്പെടുത്തുന്നതിന് പുതുതായി പരിശീലനം ലഭിച്ച ഫലസ്തീന്‍ പോലീസിനൊപ്പം പ്രവര്‍ത്തിക്കാന്‍ യു.എന്‍ രക്ഷാ സമിതി ഐ.എസ്.എഫിനെ അധികാരപ്പെടുത്തി. എന്നിരുന്നാലും, അത് എങ്ങിനെ പ്രവര്‍ത്തിക്കുമെന്ന് കൃത്യമായി വ്യക്തമല്ല. ബലപ്രയോഗം അടക്കം ആവശ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ഗാസയെ നിരായുധീകരിക്കാന്‍ ഐ.എസ്.എഫിന് യു.എന്‍ രക്ഷാ സമിതി അധികാരം നല്‍കിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് പറഞ്ഞു. ഇക്കാര്യം ഓരോ രാജ്യങ്ങളുമായും ചര്‍ച്ച ചെയ്യുമെന്നും അന്താരാഷ്ട്ര സേനയുടെ ഇടപെടല്‍ നിയമങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മൈക്ക് വാള്‍ട്ട്‌സ് ഇസ്രായിലിലെ ചാനല്‍ 12 നോട് പറഞ്ഞു. നിരായുധീകരണ വിഷയം മധ്യസ്ഥരായ അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി ഔദ്യോഗികമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഫലസ്തീന്‍ രാഷ്ട്രം നിലവില്‍വരുന്നതുവരെ ആയുധങ്ങള്‍ ഉപേക്ഷിക്കില്ല എന്നതാണ് തങ്ങളുടെ നിലപാട് എന്നും ഹമാസ് പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ ഗാസയുടെ നിരായുധീകരണത്തിലേക്ക് നീങ്ങുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.



