തെഹ്‌റാന്‍ – യുദ്ധം അവസാനിപ്പിക്കാന്‍ ഭേദഗതി വരുത്തിയ പതിനാലിന നിര്‍ദ്ദേശം തങ്ങള്‍ അമേരിക്കക്ക് സമര്‍പ്പിച്ചതായും അമേരിക്കയുടെ മറുപടി കാത്തിരിക്കുകയാണെന്നും ഇറാന്‍ അറിയിച്ചു. യു.എസ് ആവശ്യങ്ങള്‍ക്ക് ഇറാന്‍ ഭേദഗതി ചെയ്ത 14 ഇന പ്രതികരണം കൈമാറി. താല്‍ക്കാലിക വെടിനിര്‍ത്തലല്ല, യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള രൂപരേഖയാണ് ഇറാന്റെ പ്രതികരണം എന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ ഒന്‍പതിന നിര്‍ദ്ദേശത്തിന് മറുപടിയായി പാകിസ്ഥാന്‍ ഇടനിലക്കാര്‍ വഴിയാണ് പരിഷ്‌കരിച്ച പദ്ധതി ഇറാന്‍ സമര്‍പ്പിച്ചതെന്ന് അര്‍ധ-ഔദ്യോഗിക തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ പദ്ധതി രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുമ്പോള്‍, പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇറാന്‍ 30 ദിവസത്തെ സമയപരിധി ആവശ്യപ്പെടുന്നുണ്ട്. താല്‍ക്കാലിക വെടിനിര്‍ത്തലിനുപകരം യുദ്ധം അവസാനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നതായി ഏജന്‍സി പ്രസ്താവിച്ചു.
ഇറാന്റെ അതിര്‍ത്തിക്കടുത്തുള്ള പ്രദേശങ്ങളില്‍ നിന്ന് യു.എസ് സേനയെ പിന്‍വലിക്കുക, വീണ്ടും ആക്രമിക്കില്ല എന്നതിന് ഉറപ്പ് നല്‍കുക, നാവിക ഉപരോധം പിന്‍വലിക്കുക, മരവിപ്പിച്ച ഇറാന്‍ ആസ്തികള്‍ മോചിപ്പിക്കുക, ഉപരോധങ്ങള്‍ ലഘൂകരിക്കുക, നഷ്ടപരിഹാരം നല്‍കുക എന്നിവ ഇറാന്റെ ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ലെബനോന്‍ ഉള്‍പ്പെടെ വ്യത്യസ്ത മുന്നണികളില്‍ ആക്രമണം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്കിനായി പുതിയ ഭരണ സംവിധാനം സ്ഥാപിക്കാനും ഇറാന്‍ നിര്‍ദ്ദേശം ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പ്രതികരണത്തിനായി ഇറാന്‍ കാത്തിരിക്കുകയാണെന്ന് തസ്‌നീം റിപ്പോര്‍ട്ട് പ്രസ്താവിച്ചു.
സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറിന്റെ കരട് പാകിസ്ഥാന്‍ വഴി അമേരിക്കക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അമേരിക്കയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി അറിയിച്ചു. പാകിസ്ഥാന്‍ മധ്യസ്ഥര്‍ വഴി യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള കരട് കരാര്‍ ഇറാന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ പന്ത് അമേരിക്കയുടെ കോര്‍ട്ടിലാണ്. നയതന്ത്രമോ തുടര്‍ച്ചയായ ഏറ്റുമുട്ടലോ തമ്മിലുള്ള തെരഞ്ഞെടുപ്പ് അമേരിക്കയുടെതാണ് എന്ന് പറഞ്ഞു. സാധ്യതയുളള എല്ലാ സാഹചര്യങ്ങള്‍ക്കും ഇറാന്‍ തയ്യാറാണെന്നും അമേരിക്കയെ ഇപ്പോഴും വിശ്വാസമില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷം അവസാനിപ്പിക്കുകയും സമാധാനം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഇറാന്റെ മുന്‍ഗണനാ ലക്ഷ്യം എന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇനിയും അംഗീകരിക്കാത്ത, ഇറാന്‍ നിര്‍ദ്ദേശത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതും ഇറാനുമേലുള്ള യു.എസ് ഉപരോധം അവസാനിപ്പിക്കുന്നതും ഇറാന്റെ ആണവ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് മാറ്റിവെക്കുന്നതും ഉള്‍പ്പെടുന്നതായി മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് ചൂണ്ടികാട്ടി. ആണവ ചര്‍ച്ചകള്‍ പിന്നീടുള്ള ഘട്ടത്തിലേക്ക് മാറ്റിവെക്കാന്‍ ആവശ്യപ്പെടുന്ന പുതിയ നിര്‍ദ്ദേശം, ഒരു കരാറിന് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാന മാറ്റത്തെ പ്രതിനിധീകരിക്കുന്നതായി ഇറാന്‍ വിശ്വസിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തില്ലെന്ന് ഇസ്രായിലും അമേരിക്കയും ഉറപ്പ് നല്‍കിയാല്‍ യുദ്ധം അവസാനിക്കും. തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും കപ്പലുകള്‍ക്ക് മുന്നില്‍ തുറന്നുകൊടുക്കുമെന്നും ഇറാനെതിരായ നാവിക ഉപരോധം അമേരിക്ക പിന്‍വലിക്കുമെന്നും ഇറാന്‍ അറിയിച്ചു. സാമ്പത്തിക ഉപരോധങ്ങള്‍ നീക്കുന്നതിന് പകരമായി ഇറാന്റെ ആണവ പദ്ധതിയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള തങ്ങളുടെ അവകാശം അമേരിക്ക അംഗീകരിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നു. കരാര്‍ പ്രകാരം, കൂടുതല്‍ സങ്കീര്‍ണ്ണമായ ആണവ വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് അവസാന ഘട്ടത്തേക്ക് മാറ്റിവെക്കുമെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ആണവ പ്രശ്നങ്ങളില്‍ ഒരു പരിഹാരത്തിലെത്തുന്നതിനുമുമ്പ് ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്ന് ഇറാന്‍ നിര്‍ദ്ദേശിക്കുന്നതായി നിരവധി മാധ്യമങ്ങള്‍ സമീപ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടനിലക്കാര്‍ വഴി അമേരിക്കക്ക് കൈമാറിയ ഔപചാരിക നിര്‍ദ്ദേശത്തിലാണ് ഈ പുതിയ സമയക്രമം നിശ്ചയിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ആണവായുധം കൈവശം വെക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് ട്രംപ് ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഇറാന്റെ ഏറ്റവും പുതിയ നിര്‍ദ്ദേശത്തില്‍ അതൃപ്തിയുണ്ടെന്ന് അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. ഇറാനെതിരായ സൈനിക നടപടിയെ മാനുഷിക കാഴ്ചപ്പാടില്‍ താന്‍ അനുകൂലിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാനെതിരായ വ്യോമാക്രമണം അമേരിക്കയും ഇസ്രായിലും നാല് ആഴ്ച മുമ്പ് നിര്‍ത്തിവെച്ചു. പക്ഷേ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്തുന്നതില്‍ നിന്ന് ഇരു വിഭാഗവും ഇപ്പോഴും വളരെ അകലെയാണ്.



