തെഹ്‌റാന്‍ – യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ യു.എസ് നിര്‍ദ്ദേശത്തിന് ഇറാന്‍ മറുപടി നല്‍കിയതായി ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഈ ഘട്ടത്തില്‍ യുദ്ധം അവസാനിപ്പിക്കാനും ഗള്‍ഫ് ഉള്‍ക്കടലിലും ഹോര്‍മുസ് കടലിടുക്കിലും സമുദ്ര ഗതാഗത സുരക്ഷ ഉറപ്പാക്കാനുമുള്ള ചര്‍ച്ചകളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഏജന്‍സി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇ ഇറാന്‍ സായുധ സേനാ ഏകീകൃത കമാന്‍ഡ് തലവന് സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരാനും എതിരാളികളെ നേരിടാനും പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ഫാര്‍സ് ന്യൂസ് ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്‍ സായുധ സേനാ ഏകീകൃത കമാന്‍ഡ് തലവന്‍ അലി അബ്ദുല്ലാഹി പരമോന്നത നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ സായുധ സേനയുടെ സന്നദ്ധതയെ കുറിച്ച് വിശദീകരിച്ചു. ഇതിന് ശേഷമാണ് മുജ്തബ ഖാംനഇ സായുധ സേനാ ഏകീകൃത കമാന്‍ഡ് തലവന് സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരാനും എതിരാളികളെ നിര്‍ണ്ണായകമായി നേരിടാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്ന് ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
ഏതാനും ദിവസങ്ങളായി ഇടക്കിടെ ഉണ്ടായ ആക്രമണങ്ങള്‍ക്കു ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഹോര്‍മുസ് കടലിടുക്കില്‍ താരതമ്യേന ശാന്തത നിലനിന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള തങ്ങളുടെ നിര്‍ദ്ദേശത്തിന് ഇറാന്റെ മറുപടി ദിവസങ്ങളായി അമേരിക്ക കാത്തിരിക്കുകയായിരുന്നു.
ഇറാന്‍ ഇപ്പോഴും ഒരു കരാറിലെത്താന്‍ ശക്തമായി ആഗ്രഹിക്കുന്നാതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
അതേസമയം, ഇറാനുമായുള്ള നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ട്രംപ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഉറപ്പുനല്‍കിയതായും എന്നാല്‍ ഇസ്രായില്‍ എല്ലാ സാഹചര്യങ്ങള്‍ക്കും തയ്യാറെടുക്കുകയാണെന്നും മുതിര്‍ന്ന ഇസ്രായിലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായിലിന്റെ ചാനല്‍ 13 വ്യക്തമാക്കി.



