ഗാസ – ഗാസയിലെ ഇസ്രായില്‍ അധിനിവേശം അവസാനിച്ച്, ഗാസ മുനമ്പ് ഭരിക്കുന്ന ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന് ആയുധങ്ങള്‍ കൈമാറാന്‍ ഞങ്ങൾ തയാറാണെന്ന് ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ. ഞങ്ങളുടെ ആയുധങ്ങള്‍ അധിനിവേശത്തിന്റെയും ആക്രമണത്തിന്റെയും എതിരെയുള്ള നിലനില്‍പ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. അധിനിവേശം അവസാനിച്ചാല്‍, ഈ ആയുധങ്ങള്‍ രാഷ്ട്രത്തിന് കൈമാറും – മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ ഖലീല്‍ അല്‍ഹയ്യ പറഞ്ഞു.
രാഷ്ട്രം എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ഭാവിയിലെ പരമാധികാര ഫലസ്തീന്‍ രാഷ്ട്രമാണെന്ന് ഖലീല്‍ അല്‍ഹയ്യയുടെ ഓഫീസ് വിശദീകരിച്ചു. ആയുധങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം ഇപ്പോഴും വ്യത്യസ്ത ഫലസ്തീന്‍ വിഭാഗങ്ങളുമായും മധ്യസ്ഥരുമായും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. അതിര്‍ത്തികള്‍ നിരീക്ഷിക്കാനും ഗാസയിലെ വെടിനിര്‍ത്തലിന് മേല്‍നോട്ടം വഹിക്കാനുമുള്ള സമാധാന സേനയായി ഗാസയില്‍ വിന്യസിക്കുന്ന യു.എന്‍ സേനയെ ഞങ്ങള്‍ അംഗീകരിക്കുന്നുവെന്നും ഖലീല്‍ അല്‍ഹയ്യ പറഞ്ഞു.
ഗാസക്കായുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിന്, ഗാസ മുനമ്പില്‍ നിന്ന് ഇസ്രായില്‍ പിന്മാറുകയും ഹമാസും മറ്റു ഫലസ്തീന്‍ വിഭാഗങ്ങളും ഫലസ്തീന്‍ അതോറിറ്റിക്ക് ആയുധങ്ങള്‍ കൈമാറുകയും ചെയ്യണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് അഭ്യർത്ഥിച്ചു. യുദ്ധം അവസാനിപ്പിക്കുക, രക്തച്ചൊരിച്ചില്‍ തടയുക, ഗാസ മുനമ്പിലെ പലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കുക, നിര്‍ബന്ധിത കുടിയിറക്കം തടയുക എന്നിവ കൈവരിക്കാനായി ട്രംപ് കൊണ്ടു വന്ന പദ്ധതി നടപ്പാക്കാനാണ് താന്‍ ഇപ്പോള്‍ ഏറ്റവും വലിയ മുന്‍ഗണന നല്‍കുന്നതെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ ഫലസ്തീന്‍ പ്രസിഡന്റ് വ്യക്തമാക്കി. സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുക എന്നതായിരിക്കണം അടുത്ത ഘട്ടമെന്നും മഹ്‌മൂദ് അബ്ബാസ് പറഞ്ഞു.
ഹമാസ് ഗാസയിലെ ഭരണം അവസാനിപ്പിക്കുകയും ആയുധങ്ങള്‍ കൈമാറുകയും ചെയ്യണം. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് ഇസ്രായില്‍ രാഷ്ട്രത്തോടൊപ്പം സുരക്ഷിതത്വത്തിലും സമാധാനത്തിലും നിലനില്‍ക്കാന്‍ കഴിയുന്ന നിലക്ക് ഇസ്രായില്‍ രാഷ്ട്രത്തെയും ദ്വിരാഷ്ട്ര പരിഹാരത്തെയും അംഗീകരിക്കാനുള്ള പ്രതിബദ്ധത ഫലസ്തീന്‍ പ്രസിഡന്റ് വ്യക്തമാക്കി.
ഗാസ മുനമ്പിന്റെ ഭരണം ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തുന്ന അന്താരാഷ്ട്ര സമിതിയെ ഈ മസാവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് പാശ്ചാത്യ നയതന്ത്രജ്ഞനും അറബ് ഉദ്യോഗസ്ഥനും വെള്ളിയാഴ്ച വെളിപ്പെടുത്തി. സമാധാന സമിതി (പീസ് കൗണ്‍സില്‍) എന്നറിയപ്പെടുന്ന ഈ സമിതിക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധ്യക്ഷനാകും. മിഡില്‍ ഈസ്റ്റില്‍ നിന്നും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഏകദേശം 12 നേതാക്കളെ സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഐക്യരാഷ്ട്രസഭയുടെ ഉത്തരവിന് കീഴില്‍ രണ്ട് വര്‍ഷത്തേക്ക് സമിതി ഗാസ ഭരിക്കും. ഈ കാലാവധി ദീര്‍ഘിപ്പിക്കാവുന്നതാണ്. യുദ്ധാനന്തരം ഗാസയുടെ ദൈനംദിന ഭരണം കൈകാര്യം ചെയ്യാനായി ഫലസ്തീന്‍ ടെക്‌നോക്രാറ്റുകള്‍ അടങ്ങിയ കമ്മിറ്റിയെ പ്രഖ്യാപിക്കും. ട്രംപും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെ 2025 അവസാനത്തോടെ പദ്ധതി പ്രഖ്യാപിക്കുമെന്ന് പശ്ചാത്യ, അറബ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഗാസയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഏതാനും രാജ്യങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന അന്താരാഷ്ട്ര സ്റ്റെബിലൈസേഷന്‍ ഫോഴ്സില്‍ ഏതൊക്കെ രാജ്യങ്ങള്‍ പങ്കെടുക്കുമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ അന്താരാഷ്ട്ര സേനയെ ഗാസയില്‍ വിന്യസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് ഇസ്രായിലും ഹമാസും തമ്മില്‍ വൈകാതെ ചര്‍ച്ചകള്‍ ആരംഭിക്കും. ഹമാസിന്റെ നിരായുധീകരണവും ഗാസയുടെ ചില ഭാഗങ്ങളില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തെ പിന്‍വലിക്കലും സംബന്ധിച്ച ചര്‍ച്ചകള്‍ ബുദ്ധിമുട്ടായിരിക്കുമെന്നും നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു.
ട്രംപിന്റെ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഇതിനാവശ്യമായ ഫണ്ടിന്റെ സ്രോതസ്സുകള്‍ ഇതുവരെ കൃത്യമായി നിശ്ചയിച്ചിട്ടില്ല. ഗാസ ഭരിക്കാന്‍ ടെക്‌നോക്രാറ്റിക് കമ്മിറ്റി രൂപീകരിക്കുന്നതിന് തങ്ങള്‍ സമ്മതിച്ചതായി ഹമാസ് വെള്ളിയാഴ്ച അറിയിച്ചു. ഗാസയില്‍ അധികാരത്തില്‍ തുടരില്ലെന്ന് ഹമാസ് വ്യക്തമാക്കുന്നുണ്ട്. ആയുധങ്ങളുടെ വിഷയം ദേശീയ ചട്ടക്കൂടിനുള്ളില്‍, ആഭ്യന്തര സംഭാഷണത്തിലൂടെ ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ ഹമാസ് വ്യക്തമാക്കിയിരുന്നു.
വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്നതിലെ വൈകുന്നതിനെ കുറിച്ച് ഏതാനും അറബ് രാജ്യങ്ങള്‍ അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇരു ദിശകളിലേക്കുമുള്ള യാത്രക്ക് ഗാസ, ഈജിപ്ത് അതിര്‍ത്തിയിലെ റഫ ക്രോസിംഗ് വീണ്ടും തുറക്കണമെന്നും ഫലസ്തീനികളുടെ കുടിയിറക്കം നിരാകരിക്കണമെന്നും അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ഇസ്രായില്‍ നിരാകരിക്കുമെന്ന് ഫലസ്തീനികള്‍ ഭയപ്പെടുന്നു. ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തെ കുറിച്ച് അമേരിക്കന്‍ പദ്ധതിയില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുമില്ല എന്നതും തിരിച്ചടിയാണ്.



