കുവൈത്ത് സിറ്റി – രാജ്യത്ത് ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട അറബ് വംശജനെ ദേശീയ സുരക്ഷാ ഏജന്‍സിക്കു കീഴിലെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.
നിരോധിത സംഘടനയിൽ അംഗമായ ഇയാൾ കുവൈത്തിലെ ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് സുരക്ഷക്ക് ഭീഷണി വരുത്തി കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിട്ടത്. ഇയാളെ കുറിച്ച് മുമ്പ് തന്നെ വിവരങ്ങൾ ലഭിച്ചതിനാൽ അന്വേഷണ ഉദ്യോഗസ്ഥർ കുറച്ചു ദിവസങ്ങളായി പ്രതിയുടെ പിന്നാലെയായിരുന്നു. പ്രതിയുടെ അടുക്കൽ നിന്ന് സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ചില ഉപകരണങ്ങളും വസ്തുക്കളും , ഇതിന്റെ നിർമാണ രീതിയെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളും കണ്ടെടുത്തു.
രാജ്യത്തിന്റെ സുരക്ഷയെ ദുര്‍ബലപ്പെടുത്താനോ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാകാനോ ശ്രമിക്കുന്ന എല്ലാവർക്കുമെതിരെയും വളരെ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു സാഹചര്യത്തിലും ഇത്തരം ഗൂഢാലോചനകള്‍ അനുവദിക്കില്ല. രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷക്ക് വേണ്ടി ഇത്തരക്കാരെ നേരിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.