ജിദ്ദ – ലോകകപ്പ് മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി ദേശീയ ടീം പുറത്തായതിന് പിന്നാലെ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസിര്‍ അല്‍മിസ്ഹല്‍ രാജി പ്രഖ്യാപിച്ചു. ടൂര്‍ണമെന്റില്‍ ആരാധകരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ ടീം പരാജയപ്പെട്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അല്‍മിസ്ഹല്‍ വ്യക്തമാക്കി. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിലെ സഹപ്രവര്‍ത്തകരും ഞാനും സൗദി ഫുട്‌ബോളിനെ സേവിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു. രാജ്യത്തിന്റെയും ആരാധകരുടെയും അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ ആത്മാര്‍ഥമായി പരിശ്രമിച്ചു. ലോകകപ്പിന്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്നതില്‍ സൗദി ദേശീയ ടീം പരാജയപ്പെട്ടത് എല്ലാവരുടെയും അഭിലാഷങ്ങള്‍ക്ക് നിരക്കാത്ത ഫലമാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. നമ്മുടെ ടീമിനെ മികച്ച സ്ഥാനത്ത് കാണാന്‍ ആഗ്രഹിച്ച എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ യാസിര്‍ അല്‍മിസ്ഹല്‍ പറഞ്ഞു.
ഒരു പുതിയ യുഗത്തിന് അവസരമൊരുക്കണമെന്ന് ഉത്തരവാദിത്തം ആവശ്യപ്പെടുന്നു എന്ന എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍, നിലവിലെ കാലാവധി അവസാനിക്കുന്നതുവരെ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പദവിയില്‍ തുടരേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. സ്ഥാപിതമായ നടപടിക്രമങ്ങളും ചട്ടങ്ങളും അനുസരിച്ച്, പുതിയ ഡയറക്ടര്‍ ബോര്‍ഡിന്റെ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കാനുള്ള പ്രക്രിയ ആരംഭിക്കാന്‍ ആവശ്യപ്പെടുന്നുവെന്ന് യാസിര്‍ അല്‍മിസ്ഹല്‍ കൂട്ടിച്ചേര്‍ത്തു.
ഏഴ് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് യാസിര്‍ അല്‍മിസ്ഹല്‍ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് രാജിവെക്കുന്നത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവര്‍ സൗദി ഫുട്‌ബോളിന് നല്‍കിയ വലിയ പിന്തുണക്ക് അല്‍മിസ്ഹല്‍ നന്ദി അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി നേട്ടങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്. സൗദിയില്‍ സ്‌പോര്‍ട്‌സ് മേഖലയുടെ വികസനത്തിനും കായിക മേഖലയെ സേവിക്കാനും നല്‍കിയ തുടര്‍ച്ചയായ പിന്തുണക്കും അചഞ്ചലമായ പ്രതിബദ്ധതക്കും സ്‌പോര്‍ട്‌സ് മന്ത്രിക്കും യാസിര്‍ അല്‍മിസ്ഹല്‍ നന്ദി പറഞ്ഞു.
ഏത് സ്ഥാനത്തുനിന്നും താന്‍ രാജ്യത്തെ സേവിക്കുകയും സൗദി കായിക മേഖലയെ പിന്തുണക്കുകയും ചെയ്യും. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡിനെ പിന്തുണച്ച എല്ലാവരോടും ഫുട്‌ബോള്‍ ആരാധകരോടും നന്ദി പ്രകടിപ്പിക്കുന്നു. തങ്ങളുടെ ഭാഗത്ത് സംഭവിച്ച പോരായ്മകള്‍ക്ക് ക്ഷമ ചോദിക്കുന്നു. അടുത്ത ഡയറക്ടര്‍ ബോര്‍ഡിന് വിജയവും സൗദി ഫുട്‌ബോളിന് ശോഭനമായ ഭാവിയും ആശംസിക്കുന്നതായും യാസിര്‍ അല്‍മിസ്ഹല്‍ പറഞ്ഞു.



