മയാമി– ലോകകപ്പിന്റെ ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ട് ഇന്ന് സർപ്രൈസ് പാക്കേജുകളായ നോർവേയെ നേരിടുന്നു. അമേരിക്കയിലെ മയാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഈ ഹൈവോൾട്ടേജ് മത്സരം ഇന്ത്യൻ സമയം പുലർച്ചെ 2:30-നാണ് ആരംഭിക്കുക. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീമിനെ സെമിഫൈനലിൽ കാത്തിരിക്കുന്നത് അർജന്റീനയോ സ്വിറ്റ്സർലൻഡോ ആയിരിക്കും.
പനി വിറപ്പിച്ച ക്യാമ്പ്; എങ്കിലും ഹാലൻഡിൽ വിശ്വസിച്ച് നോർവേ
1998-ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ നോർവേ ടൂർണമെന്റിലെ ഏറ്റവും വലിയ അദ്ഭുതങ്ങളിലൊന്നാണ്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങൾ ജയിച്ച അവർ, ലാസ്റ്റ്-32-ൽ ഐവറി കോസ്റ്റിനെയും തുടർന്നുള്ള മത്സരത്തിൽ വമ്പന്മാരായ ബ്രസീലിനെയും അട്ടിമറിച്ചാണ് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. എന്നാൽ ഈ ആഴ്ച ടീം ക്യാമ്പിലുണ്ടായ പനി ബാധ നോർവേയെ ചെറുതായി ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ കളിക്കാർ സുഖം പ്രാപിച്ചുവരികയാണെന്നും നിലവിൽ എല്ലാവരും ആരോഗ്യവാന്മാരാണെന്നും ടീം ഡോക്ടർ ഓല സാൻഡ് വ്യക്തമാക്കി.
ബ്രസീലിനെ തകർത്ത മത്സരത്തിൽ രണ്ട് ഗോളുകൾ നേടി മിന്നിത്തിളങ്ങിയ സൂപ്പർ താരം എർലിങ് ഹാലൻഡ് തന്നെയാണ് നോർവേയുടെ പ്രധാന ആയുധം. മുന്നേറ്റ നിരയിൽ ഹാലൻഡിനൊപ്പം കഴിഞ്ഞ മത്സരത്തിൽ ഫോം ഔട്ടായ ആന്റോണിയോ നുസയ്ക്ക് പകരം, ഹാലൻഡിന്റെ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയ ആൻഡ്രിയാസ് ഷെൽഡ്രൂപ്പ് ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. വിങ്ങിൽ അലക്സാണ്ടർ സോർലോട്ടും ഒപ്പമുണ്ടാകും. പ്രതിരോധത്തിൽ പരിക്കിന്റെ ലക്ഷണങ്ങളുള്ള ഡേവിഡ് മോളർ വോൾഫെയ്ക്ക് പകരം ലിയോ ഓസ്റ്റിഗാർഡ് ഇറങ്ങാനാണ് സാധ്യത. സാണ്ടർ ബെർഗെ, പാട്രിക് ബെർഗ്, മാർട്ടിൻ ഒഡെഗാർഡ് എന്നിവരടങ്ങുന്ന മധ്യനിരയും ഗോൾകീപ്പർ ഓറിയൻ നെയ്ലാൻഡും ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളെ തടുക്കാൻ സജ്ജരാണ്.
പരിക്കിന്റെയും കാർഡിന്റെയും ഭീതിയിൽ ഇംഗ്ലണ്ട്
ക്വാർട്ടർ കടന്ന് സെമിയിലെത്താൻ തോമസ് ടൂഹലിന്റെ ഇംഗ്ലണ്ട് പടയ്ക്ക് മുന്നിൽ കടുത്ത വെല്ലുവിളികളാണുള്ളത്. മെക്സിക്കോയ്ക്കെതിരായ 3-2 വിജയത്തിന് ശേഷം കൈയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായ സീനിയർ താരം ജോർദാൻ ഹെൻഡേഴ്സൺ ടൂർണമെന്റിൽ ഇനി കളിക്കില്ലെങ്കിലും ടീമിനൊപ്പം തുടരുന്നുണ്ട്. ഹാംസ്ട്രിങ് പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്ത റീസ് ജെയിംസ്, മാർക്ക് ഗീഹി, ഡെക്ലാൻ റൈസ് എന്നിവർ കഴിഞ്ഞദിവസം വ്യക്തിഗത പരിശീലനത്തിലാണ് ഏർപ്പെട്ടത്. ജാരെൽ ക്വാൻസ സസ്പെൻഷനിലാണ് താനും. മറ്റൊരു പ്രധാന തലവേദന ഫിഫയുടെ മഞ്ഞക്കാർഡ് നിയമമാണ്. ഈ മത്സരത്തിൽ ജൂഡ് ബെല്ലിംഗ്ഹാം, ഡെക്ലാൻ റൈസ്, മാർക്ക് ഗീഹി, നിക്കോ ഒറെയ്ലി എന്നിവരിൽ ആരെങ്കിലും മഞ്ഞക്കാർഡ് കാണുകയും ഇംഗ്ലണ്ട് സെമിയിലെത്തുകയും ചെയ്താൽ അവർക്ക് സെമിഫൈനൽ മത്സരം നഷ്ടമാകും.
ഇന്നത്തെ മത്സരത്തിൽ 4-2-3-1 ഫോർമേഷനിലാകും ടൂഹൽ ടീമിനെ അണിനിരത്തുക. ഗോൾവലയ്ക്ക് മുന്നിൽ ജോർദാൻ പിക്ഫോർഡ് എത്തുമ്പോൾ പ്രതിരോധത്തിൽ സ്പെൻസ്, കോൺസ, മാർക്ക് ഗീഹി, നിക്കോ ഒറെയ്ലി എന്നിവരാകും അണിനിരക്കുക. മധ്യനിരയിൽ ആൻഡേഴ്സണും ഡെക്ലാൻ റൈസും കളി നിയന്ത്രിക്കും. മെക്സിക്കോയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ആന്റണി ഗോർഡനും ബുകായോ സാക്കയും വിങ്ങുകളിൽ സ്ഥാനം നിലനിർത്തുമ്പോൾ സൂപ്പർ താരം ജൂഡ് ബെല്ലിംഗ്ഹാം അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളിൽ തിളങ്ങും. ക്യാപ്റ്റൻ ഹാരി കെയ്ൻ തന്നെയാണ് മുന്നേറ്റ നിരയെ നയിക്കുക.
കടുത്ത പ്രതിരോധവും പ്രത്യാക്രമണവുമായി നോർവേ വരുമ്പോൾ, ടൂഹലിന്റെ തന്ത്രങ്ങളിൽ ഇംഗ്ലണ്ട് സെമി ടിക്കറ്റ് ഉറപ്പിക്കുമോ എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
