ഫോക്സ്ബറോ– ഫിഫ ലോകകപ്പിൽ ഇന്ന് നടക്കുന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസ് ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ നേരിടും. ഖത്തർ ലോകകപ്പ് സെമിഫൈനലിന്റെ ആവർത്തനമായാണ് ഈ മത്സരം അരങ്ങേറുന്നത്. മുൻപ് ഇരു ടീമുകളും ആറ് തവണ ഏറ്റുമുട്ടിയപ്പോഴും മൊറോക്കോയ്ക്ക് ഫ്രാൻസിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. നാല് വർഷം മുൻപ് ഖത്തറിൽ 2-0 ന് ഫ്രാൻസ് മൊറോക്കോയുടെ ഫൈനൽ സ്വപ്നങ്ങൾ തകർത്തിരുന്നു. ഈ ചരിത്രം തിരുത്തിക്കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊറോക്കോ ഇറങ്ങുന്നത്. ഫോക്സ്ബറോ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം പുലർച്ചെ 1:30 നാണ് ആരംഭിക്കുന്നത്
റെക്കോർഡ് കുതിപ്പുമായി ലെ ബ്ലൂസ്: എംബാപ്പെ നയിക്കുന്ന ഫ്രഞ്ച് പട
ഡിദിയർ ദെഷാംപ്സിന്റെ കീഴിൽ ഇറങ്ങുന്ന ഫ്രാൻസ് ഈ ലോകകപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിലും വിജയിച്ച് മികച്ച ഫോമിലാണ്. ഒരു മത്സരത്തിൽ പോലും അവർക്ക് പിന്നിലാവേണ്ടി വന്നിട്ടില്ല. പരിശീലകൻ ദെഷാംപ്സിന്റെ 25-ാമത് ലോകകപ്പ് മത്സരമാണിത്, ഇതോടെ ഹെൽമുട്ട് ഷോണിന്റെ ചരിത്ര റെക്കോർഡിനൊപ്പം അദ്ദേഹം എത്തും. തുടർച്ചയായ മൂന്നാം തവണയും സെമിഫൈനലിൽ കടക്കുന്ന മൂന്നാമത്തെ ടീമാകാനാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്.
റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഔറേലിയൻ ചൗവാമേനി പരിക്കിനെ തുടർന്ന് ടീമിൽ ഉണ്ടാകില്ലെങ്കിലും അദ്ദേഹം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. മാനു കോനെയും അഡ്രിയാൻ റാബിയോട്ടും മിഡ്ഫീൽഡ് നിയന്ത്രിക്കുമ്പോൾ, പരിക്കിൽ നിന്ന് മുക്തനായ മാർക്കസ് തുറാം ബെഞ്ചിലുണ്ടാകും. മൈക്കൽ ഒലീസ്, ബ്രാഡ്‌ലി ബാർക്കോള, മാനു കോനെ എന്നിവർക്ക് മഞ്ഞക്കാർഡ് ഭീഷണിയുണ്ടെങ്കിലും ടൂർണമെന്റിൽ 5 അസിസ്റ്റുകൾ നൽകിയ ഒലീസ് ആദ്യ ഇലവനിലുണ്ടാകും. 7 ഗോളുകളുമായി ഗോൾഡൻ ബൂട്ട് റേസിൽ രണ്ടാമതുള്ള നായകൻ കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ പ്രധാന കരുത്ത്. ഉസ്മാൻ ഡെംബെലെ, ബാർക്കോള, ഒലീസ് എന്നിവർ മുന്നേറ്റ നിരയിലുണ്ടാകും. ജൂൾസ് കുണ്ടെ, വില്യം സാലിബ, ഡായോട്ട് ഉപമെകാനോ, ലൂക്കാസ് ഡിഗ്നെ എന്നിവർ പ്രതിരോധവും മൈക്ക് മൈഗ്നാൻ ഗോൾവലയും കാക്കും.
34 മത്സരങ്ങളുടെ അജയ്യ ചരിത്രവുമായി അറ്റ്ലസ് ലയൺസ്: പോരാട്ടവീര്യവുമായി മൊറോക്കോ


മറുഭാഗത്ത്, കഴിഞ്ഞ 34 മത്സരങ്ങളായി തോൽവി അറിയാതെ കുതിക്കുന്ന മൊറോക്കോ കൌണ്ടർ അറ്റാക്കുകളിലൂടെ ഏത് വമ്പന്മാരെയും വീഴ്ത്താൻ പോന്നവരാണ്. നോക്കൌട്ട് റൗണ്ടിൽ നെതർലൻഡ്സിനെ പെനാൽറ്റിയിലും കാനഡയെ 3-0 നും തകർത്താണ് മുഹമ്മദ് ഔഹാബിയുടെ ടീം ക്വാർട്ടറിലെത്തിയത്. എന്നാൽ ടീമിന്റെ മുൻനിര സ്കോററും ബയേൺ മ്യൂണിക്ക് ഫോർവേഡുമായ ഇസ്മായിൽ സൈബാരി പരിക്കിനെ തുടർന്ന് കളിക്കില്ലെന്നത് മൊറോക്കോയ്ക്ക് വലിയ തിരിച്ചടിയാണ്. ടൂർണമെന്റിൽ 3 ഗോളുകൾ നേടിയ താരം കാനഡക്കെതിരെയുള്ള മത്സരത്തിലാണ് പരിക്കേറ്റ് പുറത്തായത്.
സെന്റർ ബാക്ക് ചാഡി റിയാദും പരിക്കിന്റെ പിടിയിലാണ്,
റിയാദ് കളിച്ചില്ലെങ്കിൽ റെഡുവാൻ ഹൽഹാൽ പ്രതിരോധത്തിൽ ഇറങ്ങിയേക്കും. അഷ്റഫ് ഹക്കിമി, ഡിയോപ്പ്, ഹൽഹാൽ, ബിലാൽ എൽ ഖന്നൂസ് എന്നിവർക്ക് ഈ മത്സരത്തിൽ മഞ്ഞക്കാർഡ് ഭീഷണിയുണ്ട്. സൈബാരിയുടെ അഭാവത്തിൽ 30 കാരനായ സുഫിയാൻ റഹീമിയാകും മുന്നേറ്റത്തിൽ ഇറങ്ങുക. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന് ശേഷം 10 ഗോൾ പങ്കാളിത്തമുള്ള ബ്രാഹിം ഡയസും ടൂർണമെന്റിൽ 15 അവസരങ്ങൾ സൃഷ്ടിച്ച അഷ്റഫ് ഹക്കിമിയുമാണ് മൊറോക്കോയുടെ പ്രധാന പ്രതീക്ഷകൾ. അസിസ്റ്റുകളിൽ റെക്കോർഡിട്ട ഡയസും 10-ാം നമ്പറിൽ അസ്സെദ്ദീൻ ഔനാഹിയും മധ്യനിര ഭരിക്കുമ്പോൾ നീൽ എൽ ഐനാവിയും അയ്യൂബ് ബൂആദിയും ഡബിൾ പിവറ്റായി കളിക്കും. യാസിൻ ബോണോ ആണ് ഗോൾകീപ്പർ. ഫ്രാൻസിന്റെ അക്രമണ നിരയും മൊറോക്കോയുടെ കൌണ്ടർ അറ്റാക്കിംഗ് ശൈലിയും തമ്മിലുള്ള കടുത്ത പോരാട്ടമാകും ഈ ക്വാർട്ടർ ഫൈനൽ



