ഹൂസ്റ്റൺ– 2026 ലോകകപ്പിലെ ആവേശകരമായ ആദ്യ റൗണ്ട് പോരാട്ടങ്ങൾ ബുധനാഴ്ചയോടെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഫുട്ബോൾ ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന ആ വലിയ നിമിഷം ഇന്നെത്തുന്നു. 41-ാം വയസ്സിലും തന്റെ പോരാട്ടവീര്യത്തിന് തെല്ലും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ കുപ്പായത്തിൽ ഇന്ന് കളത്തിലിറങ്ങുകയാണ്. ഗ്രൂപ്പ് കെയിലെ ആദ്യ മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ത്യൻ സമയം ഇന്ന് രാത്രി പത്തരയ്ക്കാണ് ഹൂസ്റ്റണിൽ ഈ തീപാറും പോരാട്ടം നടക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം മധ്യനിരയിലെ ഇന്ദ്രജാലക്കാരായ ബ്രൂണോ ഫെർണാണ്ടസ്, ബെർണാണ്ടോ സിൽവ, വിതീന്യ, ജോവോ നീവ്സ് എന്നിവർ കൂടിയാകുമ്പോൾ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച സംഘങ്ങളിലൊന്നായാണ് പോർച്ചുഗൽ കണക്കാക്കപ്പെടുന്നത്.
മറുഭാഗത്ത്, കാമറൂണിനെയും നൈജീരിയയെയും വീഴ്ത്തി 1974-ന് ശേഷം ആദ്യമായി ലോകകപ്പ് യോഗ്യത നേടിയെത്തുന്ന കോംഗോ ഡിആർ വമ്പൻ അട്ടിമറി ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. പ്രീമിയർ ലീഗിലെ പ്രമുഖരായ ആരോൺ വാൻ-ബിസാക്ക, നോഹ സാഡിക്കി, യോവാൻ വിസ തുടങ്ങിയ മിന്നും താരങ്ങളാണ് കോംഗോയുടെ പ്രതീക്ഷ കാക്കുന്നത്.
മറ്റൊരു നിർണായക മത്സരത്തിൽ വ്യാഴാഴ്ച രാവിലെ ഏഴരയ്ക്ക് കൊളംബിയ ഉസ്ബെക്കിസ്ഥാനെ നേരിടും. മെക്സിക്കോ സിറ്റിയിൽ നടക്കുന്ന ഈ മത്സരം മുൻ സൂപ്പർ താരം ഹാമസ് റോഡ്രിഗസിന്റെ കരിയറിലെ അവസാന ലോകകപ്പ് പോരാട്ടങ്ങളിലൊന്നാകാനാണ് സാധ്യത. 2014-ൽ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച ഹാമസ് റോഡ്രിഗസിന്റെ ബൂട്ടുകളിൽ നിന്ന് വീണ്ടുമൊരു മാന്ത്രിക പ്രകടനം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
ആദ്യമായി ലോകകപ്പിനെത്തുന്ന ഉസ്ബെക്കിസ്ഥാനെ പരിശീലിപ്പിക്കുന്നത് മുൻ ഇറ്റാലിയൻ ഇതിഹാസം ഫാബിയോ കന്നവാരോയാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ കോട്ട കാക്കുന്ന അബ്ദുകോദിർ ഖുസനോവ് ആണ് ഉസ്ബെക്കിസ്ഥാൻ നിരയിലെ ഏറ്റവും ശ്രദ്ധേയനായ കളിക്കാരൻ.



