കിൻഷാസ: സ്പാനിഷ് ഫുട്‌ബോൾ ഭീമന്മാരായ ബാഴ്‌സലോണയുമായി സ്‌പോൺസർഷിപ്പ് കരാർ ഒപ്പുവച്ച് ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആർ. കോംഗോ). 40 മില്യൺ യൂറോയിലധികം മൂല്യമുള്ള നാലു വർഷ കരാറിലാണ് ഇരുകക്ഷികളും ഒപ്പിട്ടതെന്നും കരാർ പ്രകാരം, ‘ഹാർട്ട് ഓഫ് ആഫ്രിക്ക’ എന്ന ടൂറിസം പ്രമോട്ടിംഗ് ലോഗോ ബാഴ്സലോണയുടെ പുരുഷ-വനിതാ ടീമുകളുടെ പരിശീലന, വാം-അപ്പ് ജേഴ്‌സികളിലും ക്ലബ്ബിന്റെ പരസ്യങ്ങളിലും വാർഷിക റിപ്പോർട്ട്, മാഗസിൻ എന്നിവയിലും പ്രത്യക്ഷപ്പെടുമെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2025 ജൂൺ 29-ന് ഒപ്പുവെച്ചതായാണ് റോയിട്ടേഴ്‌സ് പറയുന്നതെങ്കിലും ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ബാഴ്‌സ നടത്തിയിട്ടില്ല.
കരാർ പ്രകാരം ഡി.ആർ. കോംഗോ ഭരണകൂടം വർഷം തോറും 10 മില്യൺ യൂറോയ്ക്കും 11.5 മില്യൺ യൂറോയ്ക്കും ഇടയിലുള്ള തുക ബാഴ്സലോണയ്ക്ക് നൽകും. രാജ്യത്തിന്റെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും, യുദ്ധവും രാഷ്ട്രീയ അസ്ഥിരതയും മൂലം മങ്ങിയ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്നാണ് സൂചന.
ഇതാദ്യമായല്ല, ഡി.ആർ കോംഗോ യൂറോപ്യൻ ഫുട്‌ബോളിൽ സ്‌പോൺസർഷിപ്പ് പണമിറക്കുന്നത്. കഴിഞ്ഞ മാസം എ.സി. മിലാൻ, എ.എസ് മൊണാക്കോ ക്ലബ്ബുകളുമായും സമാനമായ കരാറുകളിൽ ഒപ്പുവെച്ചിരുന്നു. എ.എസ്. മൊണാക്കോയുമായുള്ള കരാർ വർഷം തോറും 1.6 മില്യൺ യൂറോ മൂല്യമുള്ളതാണെന്ന് കോംഗോയുടെ കായിക മന്ത്രി ഡിഡിയർ ബുഡിംബു വെളിപ്പെടുത്തി. എന്നാൽ എ.സി. മിലാനുമായുള്ള കരാറിന്റെ സാമ്പത്തിക വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളിൽ പരസ്യം ചെയ്ത് പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ ശ്രമത്തിനെതിരെ കോംഗോയ്ക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമാണ്. പട്ടിണിയും തൊഴിലില്ലായ്മയും വികസന മുരടിപ്പും നിലനിൽക്കുന്ന രാജ്യം വിവിധ ക്ലബ്ബുകൾക്കു വേണ്ടി കോടികൾ ചെലവഴിക്കുന്നത് ധൂർത്താണെന്നും പ്രതിപക്ഷ പാർട്ടി നേതാവും മുൻ പ്രസിഡണ്ട് സ്ഥാനാർത്ഥിയുമായ മോയ്സെ കടുംബി ആരോപിച്ചു. മാർക്കറ്റിംഗ് അല്ല, ജനതയ്ക്ക് സുരക്ഷിതമായ ജീവിതം സമ്മാനിക്കുകയാണ് ഗവൺമെന്റ് ചെയ്യേണ്ടത് എന്ന് അദ്ദേഹം ആരോപിച്ചു.
കോംഗോയുടെ അയൽരാഷ്ട്രമായ റുവാണ്ട ടൂറിസം പ്രമോട്ട് ചെയ്യുന്നതിനു വേണ്ടി നേരത്തെ തന്നെ ആഴ്‌സണൽ, ബയേൺ മ്യൂണിക്ക്, പി.എസ്.ജി തുടങ്ങിയ ക്ലബ്ബുകളുമായി സഹകരിക്കുന്നുണ്ട്. ‘വിസിറ്റ് റുവാണ്ട’ കാമ്പയിനുമായി യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾ സഹകരിക്കുന്നതിനെതിരെ കോംഗോ എതിർപ്പ് ഉന്നയിച്ചിരുന്നു. തങ്ങളുടെ നാട്ടിൽ കലാപമുണ്ടാക്കുന്ന റുവാണ്ടയ്ക്ക് പിന്തുണ നൽകുന്നത് ‘രക്തം പുരണ്ട’ സ്‌പോൺസർഷിപ്പ് ആണെന്ന് കോംഗോ വിദേശകാര്യമന്ത്രി തെരേസ് കയിവാംബ വാഗ്നർ ആരോപിച്ചിരുന്നു. റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതർ കിഴക്കൻ കോംഗോയിലെ ഏറ്റവും വലിയ നഗരമായ ഗോമയെ പിടിച്ചെടുത്തതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ ഈ പ്രസ്താവന. എന്നാൽ, തങ്ങൾ എം23 വിമതരെ പിന്തുണക്കുന്നില്ല എന്നാണ് റുവാണ്ടയുടെ നിലപാട്.