ന്യൂഡൽഹി– ലോക്‌സഭയിൽ വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി. സ്ത്രീകളുടെ പേരിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും ഏപ്രിൽ 17 എൻഡിഎ സർക്കാരിനെ സംബന്ധിച്ച് ഒരു ‘കറുത്ത ദിന’മാണെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭരണപക്ഷത്തിനേറ്റ ഈ തിരിച്ചടി ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പ്രതിപക്ഷ ഐക്യത്തിന്റെയും വലിയ വിജയമാണെന്നും പ്രിയങ്ക വിശേഷിപ്പിച്ചു. രാജ്യത്തിന്റെ ഫെഡറൽ ഘടനയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരായ വിജയമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
അധികാരത്തിൽ തുടരാൻ വേണ്ടി മാത്രമാണ് ബിജെപി വനിതാ സംവരണത്തെ ഉപയോഗിക്കാൻ ശ്രമിക്കുന്നതെന്ന് പ്രിയങ്ക ആരോപിച്ചു. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചപ്പോൾ തന്നെ എല്ലാവരും അമ്പരന്നിരുന്നു. ബില്ലിനെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ദിവസം മുൻപ് മാത്രമാണ് നൽകിയത്. ഈ ബിൽ യഥാർത്ഥത്തിൽ വനിതാ സംവരണത്തിന് വേണ്ടിയല്ല, മറിച്ച് മണ്ഡല പുനർനിർണ്ണയത്തിന് വേണ്ടിയാണ് കൊണ്ടുവന്നതെന്നും അവർ കുറ്റപ്പെടുത്തി. ബിജെപിയുടെ ഈ രാഷ്ട്രീയ നാടകങ്ങൾ രാജ്യത്തെ സ്ത്രീകൾ തിരിച്ചറിയുന്നുണ്ടെന്നും സർക്കാർ വാക്കുകൾ ഇനി ആരും വിശ്വസിക്കില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
നിലവിലെ രീതിയിൽ തന്നെ വനിതാ സംവരണം നടപ്പിലാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് അവർ വ്യക്തമാക്കി. 2023-ൽ വനിതാ സംവരണത്തെ എല്ലാവരും പിന്തുണച്ചതാണ്. രാജ്യം മാറിയെന്ന് ബിജെപി ഇപ്പോഴും മനസ്സിലാക്കുന്നില്ല. ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി 2023-ലെ നിയമം നടപ്പിലാക്കാൻ ആവശ്യപ്പെടുകയാണ്. ജനങ്ങളും സ്ത്രീകളും സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും ഇനി ബിജെപിയെ വിശ്വസിക്കാൻ സാധിക്കില്ലെന്നും പ്രിയങ്ക ഗാന്ധി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.



