കോഴിക്കോട്- മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ സ്‌നേഹഭവനങ്ങളിലേക്ക് സന്ദർശകർക്ക് കർശന നിരോധനം ഏർപ്പെടുത്തി. പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഇത് ബാധകമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയായ 51 വീടുകൾ ഇതിനകം ഗുണഭോക്താക്കൾക്ക് കൈമാറുകയും അവിടെ കുടുംബങ്ങൾ താമസം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ വീടുകൾ ഇപ്പോൾ ഓരോ കുടുംബത്തിന്റെയും സ്വകാര്യ സ്വത്താണെന്നും അവരുടെ സ്വകാര്യത മാനിക്കേണ്ടത് അത്യാവശ്യമാണെന്നും പാർട്ടി വ്യക്തമാക്കി.
പദ്ധതി പ്രദേശം കാണാനെന്ന പേരിൽ ബസ്സുകളിലും മറ്റും വിനോദസഞ്ചാരികളെപ്പോലെ ആളുകൾ എത്തുന്നതും വീടുകളിൽ കയറുന്നതും ഗുണഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വലിയ സൗകര്യങ്ങളിൽ കഴിഞ്ഞിരുന്ന ഇവർക്ക് മികച്ച രീതിയിലുള്ള വീടുകളാണ് ലീഗ് നൽകിയിട്ടുള്ളത്. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും മോചിതരായി പുതിയ ജീവിതം തുടങ്ങാൻ ശ്രമിക്കുന്നവരോട് വീണ്ടും പഴയ കാര്യങ്ങൾ ചോദിക്കുന്നത് അവർക്ക് മാനസിക വിഷമം ഉണ്ടാക്കുന്നുണ്ട്. സന്ദർശകരുടെ തിരക്ക് ഇവരുടെ നിത്യജീവിതത്തെ ബാധിക്കുന്നതായും പരാതിയുണ്ട്.
വീടുകൾ കൈമാറിക്കഴിഞ്ഞാൽ പാർട്ടിയുടെ ഉത്തരവാദിത്തം കഴിഞ്ഞെന്നും പിന്നീട് അവിടെ അവകാശബോധത്തോടെ പോകരുതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിർദ്ദേശം ഉൾക്കൊണ്ട് പദ്ധതി പ്രദേശത്തേക്കുള്ള സന്ദർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് പി.എം.എ. സലാം അഭ്യർത്ഥിച്ചു. അടുത്ത ബന്ധുക്കൾക്ക് ഒഴികെ മറ്റാർക്കും വീടുകളിലേക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ഇന്നുമുതൽ കർശനമായ വിലക്ക് ഏർപ്പെടുത്തിയതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ആകെ നിർമ്മിക്കുന്ന 105 വീടുകളിൽ ബാക്കിയുള്ളവയുടെ പണി വേഗത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



