കൊച്ചി– സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകൾ തെരുവിലേക്ക് പടരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. വി.ഡി. സതീശനെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി അണികൾ കൂട്ടത്തോടെ രംഗത്തിറങ്ങിയതോടെ എം.എൽ.എമാർ ജനങ്ങൾക്കിടയിൽ പ്രതിരോധത്തിലായിരിക്കുകയാണ്. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ വി.പി. സജീന്ദ്രൻ എം.എൽ.എയെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിലുള്ള കടുത്ത അമർഷം അറിയിച്ച പ്രവർത്തകർ, സതീശനെ പിന്തുണയ്ക്കണമെന്ന് എം.എൽ.എയോട് നേരിട്ട് ആവശ്യപ്പെട്ടു.
സമാനമായ അനുഭവം തന്നെയാണ് കഴിഞ്ഞ ദിവസം നാദാപുരത്ത് നിയുക്ത എം.എൽ.എ കെ.എം. അഭിജിത്തിനും ഉണ്ടായത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അഭിജിത്തിനെ അവിടെയുണ്ടായിരുന്ന ഒരു കൂട്ടം ആളുകൾ വളയുകയും വി.ഡി. സതീശനെ പിന്തുണയ്ക്കാത്ത നിലപാടിനെ ചോദ്യം ചെയ്യുകയുമായിരുന്നു. നേതൃത്വത്തിൽ പുതിയ മുഖങ്ങൾ വരണമെന്ന ആഗ്രഹം താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ ശക്തമായതോടെ പൊതുചടങ്ങുകളിൽ പങ്കെടുക്കാൻ പോലും എം.എൽ.എമാർ ഇപ്പോൾ പ്രയാസപ്പെടുകയാണ്. ഗ്രൂപ്പ് താല്പര്യങ്ങൾ മാറ്റിവെച്ച് ജനവികാരം മാനിക്കണമെന്ന സമ്മർദ്ദം വരും ദിവസങ്ങളിൽ പാർട്ടിയിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കാനാണ് സാധ്യത.
https://x.com/athulmnair1/status/2053751018614312974



