വാഷിംഗ്ടണ്‍ – ഇറാനെതിരെ ഈ ശനിയാഴ്ച മുതല്‍ ആക്രമണം നടത്താന്‍ യുഎസ് സൈന്യം സുസജ്ജമാണെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചു. എന്നാല്‍ സൈനിക നടപടിയുടെ സമയപരിധി വാരാന്ത്യത്തിനപ്പുറത്തേക്ക് നീളാന്‍ സാധ്യതയുണ്ടെന്നും ആക്രമണത്തിന്റെ കാര്യത്തില്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ വിവിധ ഓപ്ഷനുകള്‍ പരിഗണനയിലാണെങ്കിലും പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് മിഡില്‍ ഈസ്റ്റിലെ ചില ഉദ്യോഗസ്ഥരെ പെന്റഗണ്‍ താല്‍ക്കാലികമായി യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ മാറ്റുന്നുണ്ട്. ഇത് സൈനിക നടപടികള്‍ക്ക് മുന്നോടിയായുള്ള സാധാരണ നടപടിക്രമം മാത്രമാണെന്നും ആക്രമണം ആസന്നമാണെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ആക്രമണത്തിന് സൈന്യം സജ്ജമാണെന്ന വിവരം സി.എന്‍.എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ വ്യോമ-നാവിക ആസ്തികള്‍ അമേരിക്ക ഗണ്യമായി വര്‍ധിപ്പിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ഈ നീക്കം. സൈനിക നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ ട്രംപ് ഉപദേഷ്ടാക്കളുമായും സഖ്യകക്ഷികളുമായും ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും എന്നത്തേക്ക് തീരുമാനമുണ്ടാകുമെന്ന് വ്യക്തമല്ല. നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ട്രംപ് ഭരണകൂടം ഇറാനുമായി ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ജനീവയില്‍ നടന്ന ആണവ ചര്‍ച്ചകളില്‍ പ്രധാന തത്വങ്ങളില്‍ ധാരണയായതായും എന്നാല്‍ ചില തടസ്സങ്ങള്‍ ബാക്കിയുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഈ വിടവുകള്‍ പരിഹരിക്കാന്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാന്‍ വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.



