തിരുവനന്തപുരം- സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫ് ശക്തമായ മുന്നേറ്റം തുടരുന്നു. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് 23 മണ്ഡലങ്ങളിൽ ലീഡ് ചെയ്തുകൊണ്ട് വലിയ കരുത്താണ് പ്രകടിപ്പിക്കുന്നത്. മലപ്പുറം ജില്ലയിൽ പൂർണ്ണമായ ആധിപത്യം ഉറപ്പിക്കാൻ ലീഗിന് സാധിച്ചു. കോൺഗ്രസ് 58 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ഇതോടെ യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശം പ്രകടമാണ്.
അതേസമയം, വോട്ടെണ്ണലിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നില മെച്ചപ്പെടുത്തി. ഏഴാം റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 1536 വോട്ടുകൾക്ക് അദ്ദേഹം മുന്നിലെത്തിയിട്ടുണ്ട്. എന്നാൽ എൽഡിഎഫിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് സർക്കാരിലെ 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്. സിപിഐഎം 30 സീറ്റുകളിലും സിപിഐ 10 സീറ്റുകളിലുമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. മറ്റ് കക്ഷികളിൽ പി.ജെ. ജോസഫ് വിഭാഗം 7 സീറ്റിലും ആർഎസ്പി 3 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ഒരു സീറ്റിൽ മാത്രമാണ് നിലവിൽ ലീഡുള്ളത്.
മുസ്ലിം ലീഗിന്റെ പ്രധാന സ്ഥാനാർത്ഥികളെല്ലാം തന്നെ വിജയപ്രതീക്ഷയിലാണ്. കൊണ്ടോട്ടിയിൽ തുടക്കത്തിൽ പിന്നിലായിരുന്ന ലീഗ് സ്ഥാനാർത്ഥി പിന്നീട് ശക്തമായ തിരിച്ചു വരവ് നടത്തി ലീഡ് പിടിച്ചെടുത്തു. പേരാമ്പ്രയിൽ വലിയൊരു അട്ടിമറിക്ക് കളമൊരുങ്ങുകയാണ്; അവിടെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണനെ പിന്നിലാക്കി ഫാത്തിമ തഹ്‌ലിയ മുന്നേറ്റം തുടരുകയാണ്. വരും മണിക്കൂറുകളിൽ കൂടുതൽ ഫലങ്ങൾ പുറത്തുവരുന്നതോടെ സംസ്ഥാനത്തെ അന്തിമ ചിത്രം വ്യക്തമാകും.



