വാഷിങ്ടൺ– വത്തിക്കാൻ സഭയ്ക്കും മാർപാപ്പയ്ക്കും എതിരെ രൂക്ഷവിമർശനം തുടരുന്നതിനിടെ, തന്നെ യേശുവായി ചിത്രീകരിക്കുന്ന എഐ ചിത്രം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് രോഗശാന്തി നൽകുന്ന യേശുക്രിസ്തുവായി സ്വയം ചിത്രീകരിച്ചുകൊണ്ടുള്ള ചിത്രം അദ്ദേഹം പുറത്തുവിട്ടത്. അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിൽ സൈനികർ, നഴ്‌സുമാർ, പരുന്ത്, യുദ്ധവിമാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചിത്രത്തിൽ, കൈകളിൽ നിന്ന് വെളിച്ചം പുറപ്പെടുവിച്ച് ഒരു രോഗിയുടെ തലയിൽ കൈവെച്ച് നിൽക്കുന്ന രൂപത്തിലാണ് ട്രംപിനെ കാണിച്ചിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് മാർപാപ്പ നടത്തിയ സമാധാന ആഹ്വാനമാണ് ട്രംപിനെ ചൊടിപ്പിച്ചത്. യുദ്ധം അവസാനിപ്പിക്കണമെന്ന മാർപാപ്പയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയ ട്രംപ്, മാർപാപ്പ സഭയുടെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നും രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കരുതെന്നും വിമർശിച്ചു. തന്നെ നേരിടാൻ വേണ്ടിയാണ് ലിയോ എന്ന അമേരിക്കക്കാരനെ സഭ മാർപാപ്പയായി തിരഞ്ഞെടുത്തതെന്നും, താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ ഇദ്ദേഹം വത്തിക്കാനിൽ ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
ട്രംപിന്റെ പരിഹാസങ്ങൾക്ക് പിന്നാലെ, ലോകസമാധാനത്തിനായി താൻ ഇനിയും ശബ്ദമുയർത്തുമെന്ന് മാർപാപ്പ മറുപടി നൽകിയിരുന്നു. ഇതാദ്യമായല്ല ട്രംപ് ഇത്തരത്തിൽ വിവാദപരമായ ചിത്രങ്ങൾ പങ്കുവെക്കുന്നത്. നേരത്തെ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന സമയത്ത് പോപ്പിന്റെ ഔദ്യോഗിക വസ്ത്രം ധരിച്ചുകൊണ്ടുള്ള സ്വന്തം എഐ ചിത്രം ട്രംപ് പങ്കുവെച്ചിരുന്നു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പേജിലൂടെ അന്ന് പുറത്തുവിട്ട ചിത്രം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്വയം ദൈവതുല്യനായി അവതരിപ്പിച്ചുകൊണ്ടുള്ള പുതിയ ചിത്രം ട്രംപ് പ്രചരിപ്പിക്കുന്നത്.



