വാഷിംഗ്ടണ്‍ – ഇറാനെതിരായ സൈനിക നടപടികളില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി ഉയര്‍ന്നതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. മാര്‍ച്ച് 2 ന് കിഴക്കന്‍ അമേരിക്കന്‍ സമയം വൈകുന്നേരം 4:00 മണി വരെ ആറ് യു.എസ് സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മേഖലയിലെ ഇറാന്‍ ആക്രമണങ്ങള്‍ക്കിടെ ആക്രമിക്കപ്പെട്ട ഒരു കേന്ദ്രത്തില്‍ നിന്ന് കാണാതായതായി മുമ്പ് പട്ടികപ്പെടുത്തിയിരുന്ന രണ്ട് സൈനികരുടെ അവശിഷ്ടങ്ങള്‍ യു.എസ് സേന കണ്ടെടുത്തതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് ഏതാനും സൈനികര്‍ക്ക് നിസ്സാര പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും അവര്‍ ഡ്യൂട്ടിയിലേക്ക് മടങ്ങുന്ന പ്രക്രിയയിലാണെന്നും കഴിഞ്ഞ ഞായറാഴ്ച യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരുന്നു.
അമേരിക്കയും ഇസ്രായിലും അടക്കം രാഷ്ട്രത്തിന്റെ ശത്രുക്കളെ ശക്തിയോടും നിശ്ചയദാര്‍ഢ്യത്തോടും ജനങ്ങളുടെ പിന്തുണയോടും കൂടി ഇറാന്‍ സായുധ സേന ഖേദിപ്പിക്കുമെന്ന് ഇറാന്‍ സായുധ സേന ജനറല്‍ സ്റ്റാഫ് മുന്നറിയിപ്പ് നല്‍കി. അലി ഖാംനഇ മുന്നോട്ടുവെച്ച പാതയിലൂടെയുള്ള പ്രയാണം അവസാന തുള്ളി രക്തം ചിന്തുന്നതുവരെയും ശത്രുക്കള്‍ കീഴടങ്ങുന്നതുവരെയും സായുധ സേന തുടരുമെന്ന് ഇറാന്‍ സായുധ സേന ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



