ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീംകോടതി. പരാതി നല്കാന് എട്ട് വര്‍ഷമെടുത്തത് എന്തിനാണെന്ന ചോദ്യം കോടതി ആവര്‍ത്തിച്ചു. കേസ് ഒരാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. ജസ്റ്റീസ് ബേല എന്‍.ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
2016ല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ അടക്കമാണ് ചോദിക്കുന്നതെന്ന് സിദ്ദിഖിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗി കോടതിയില്‍ പറഞ്ഞു. സിദ്ദിഖ് ചോദ്യം ചെയ്യലിന് അടക്കം ഹാജരായിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരായത് അന്വേഷണവുമായി സഹകരിക്കലാണെന്ന് കോടതി നിരീക്ഷിച്ചു. മറ്റൊരു ദിവസത്തേക്ക് വാദം മാറ്റണമെന്നും സിദ്ദിഖിന്റെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.