മാഡ്രിഡ് – അന്താരാഷ്ട്ര നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രായിലുമായുള്ള പങ്കാളിത്ത കരാര്‍ അവസാനിപ്പിക്കാന്‍ സ്‌പെയിന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. 2000 ല്‍ ഒപ്പുവച്ച ഇ.യു-ഇസ്രായില്‍ അസോസിയേഷന്‍ കരാര്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദേശം അടുത്ത ചൊവ്വാഴ്ച സ്പാനിഷ് സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന് സമര്‍പ്പിക്കും എന്ന് അന്‍ഡലൂഷ്യയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സാഞ്ചസ് പറഞ്ഞു. അന്താരാഷ്ട്ര നിയമം ലംഘിക്കുന്ന ഒരു സര്‍ക്കാരിന് യൂറോപ്യന്‍ യൂണിയന്റെ പങ്കാളിയാകാന്‍ കഴിയില്ല എന്ന് സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞു.
2024 ല്‍ സ്‌പെയിന്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിനുശേഷം ഇസ്രായിലും സ്‌പെയിനും തമ്മിലുള്ള ബന്ധം ഗണ്യമായി വഷളായിട്ടുണ്ട്. ഇരു രാജ്യങ്ങളും തങ്ങളുടെ അംബാസഡര്‍മാരെ പിന്‍വലിച്ചു. 2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായിലിനെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഗാസക്കെതിരായ ഇസ്രായിലിന്റെ യുദ്ധത്തിന്റെ ശക്തനായ വിമര്‍ശകനാണ് സാഞ്ചസ്. 2026 ഫെബ്രുവരി 28 ന് ഇറാനെതിരെ അമേരിക്കയും ഇസ്രായിലും ആരംഭിച്ച യുദ്ധത്തെയും സ്പാനിഷ് പ്രധാനമന്ത്രി എതിര്‍ത്തു.



