അബുദാബി– നഗരത്തിലെ ഹോട്ടലിന്റെ പ്രവേശന കവാടത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 പേരെ അബുദാബി ക്രിമിനല്‍ കോടതി ശിക്ഷിച്ചു. റെക്കോര്‍ഡ് സമയത്തിനകം വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതിയുടെ സുപ്രധാന വിധി.
പൊതുസമാധാനം തകര്‍ക്കുക, പരിഭ്രാന്തി പരത്തുക, മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ആറ് പ്രതികള്‍ക്ക് ആറുമാസം തടവും മൂന്ന് ലക്ഷം ദിര്‍ഹം വീതം പിഴയും കോടതി വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ യു.എ.ഇയില്‍ നിന്ന് നാടുകടത്താനും ഉത്തരവുണ്ട്.
മറ്റ് രണ്ട് പ്രതികള്‍ക്ക് പൊതുസമാധാനം തകര്‍ത്തതിനും ആക്രമണം നടത്തിയതിനും 50,000 ദിര്‍ഹം വീതം പിഴ ചുമത്തി. സ്വകാര്യത ലംഘിച്ചതിനും സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും ഒമ്പതും പത്തും പ്രതികള്‍ക്ക് ആറുമാസം തടവും മൂന്ന് ലക്ഷം ദിര്‍ഹം വീതം പിഴയുമാണ് ശിക്ഷ. ഇവരെയും നാടുകടത്താന്‍ കോടതി നിര്‍ദേശിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാനും പ്രചരിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലം നവംബര്‍ 11 ബുധനാഴ്ച അബുദാബിയിലെ ഹോട്ടലില്‍ വെച്ച് മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് (എം.എം.എ) താരങ്ങളായ ഉസ്മാന് നൂര്മഗോമെഡോവും മെറാബ് ദ്വാലിഷ്വിലിയും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒരു അഭിമുഖത്തിനിടെ നൂര്‍മഗോമെഡോവ്, ദ്വാലിഷ്വിലിയുടെ അടുത്തേക്ക് എത്തുകയും അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുപക്ഷത്തുമുള്ളവര്‍ ഏറ്റുമുട്ടുകയായിരുന്നു.
കര്‍ശന മുന്നറിയിപ്പുമായി പോലീസ് ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഘര്‍ഷവിവരം അറിഞ്ഞയുടന്‍ പ്രത്യേക പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടിയതായി അബുദാബി പോലീസ് വ്യക്തമാക്കി. പൊതുസുരക്ഷയും സമാധാനവും തകര്‍ക്കുന്ന ഏതൊരു പ്രവൃത്തിക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. രാജ്യത്തെ നിയമങ്ങള്‍ കൃത്യമായി പാലിക്കാനും ഉത്തരവാദിത്തത്തോടെ പെരുമാറാനും പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.



