മലപ്പുറം- നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരുകടക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രവർത്തകരോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിലെ ജയവും പരാജയവും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും ജനവിധി ഉൾക്കൊള്ളാൻ എല്ലാവർക്കും സാധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിജയിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറാനാണ് പ്രവർത്തകർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് വലിയ വിജയം ഉണ്ടാകുമെന്നത് ഉറപ്പാണെന്നും എന്നാൽ ആഘോഷങ്ങൾ തികച്ചും സമാധാനപരമായിരിക്കണമെന്നും തങ്ങൾ നിർദ്ദേശിച്ചു. നിയമങ്ങൾ പാലിക്കാനും നാട്ടിലെ ക്രമസമാധാനം ഉറപ്പുവരുത്താനും എല്ലാവർക്കും ബാധ്യതയുണ്ട്. ആർക്കെതിരെയും ആക്ഷേപങ്ങളോ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ മുഴക്കാൻ പാടില്ല. പ്രത്യേകിച്ച് മത-സാമുദായിക നേതാക്കളെ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകരുത്. ഗതാഗത തടസ്സമുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയം ആഘോഷിക്കാനുള്ളത് തന്നെയാണ്, എന്നാൽ അതിൽ മിതത്വം പാലിക്കണമെന്നാണ് അദ്ദേഹം മുന്നോട്ട് വെച്ച പ്രധാന നിർദ്ദേശം. ആവേശം പ്രകടിപ്പിക്കുമ്പോൾ മറ്റുള്ളവർക്ക് പ്രയാസമുണ്ടാകാത്ത രീതിയിൽ മാന്യമായ പെരുമാറ്റം കാഴ്ചവയ്ക്കണമെന്ന് അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു. ജനവിധി മാനിച്ചുകൊണ്ട് സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



