മെൽബൺ: പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ് മുന്‍ ചരിത്രവിഭാഗം അധ്യാപികയും ഗ്രന്ഥകാരിയുമായിരുന്ന ഷൊര്‍ണൂര്‍ ചളവറ കാമ്പുറത്ത് പ്രൊഫ. പദ്മാവതി ഇസ്ഹാഖ് (96) ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മകളുടെ വീട്ടില്‍ അന്തരിച്ചു. വള്ളുവനാട്ടിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവും ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാല രജിസ്ട്രാറും മലപ്പുറം സഹകരണ സ്പിന്നിംഗ് മില്‍ സ്ഥാപക വൈസ് ചെയര്‍മാനുമായിരുന്ന ആനക്കയം വലിയ മണ്ണില്‍ മുഹമ്മദ് ഇസ്ഹാഖിന്റെ പത്‌നിയാണ്. അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറഷനിലൂടെ രാഷ്ട്രീയ രംഗത്ത് കൗമാരം തൊട്ടേ ജ്വലിച്ചു നിന്ന പദ്മാവതി പില്‍ക്കാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായി.
പാര്‍ട്ടി നിരോധന കാലത്ത് പല സഖാക്കള്‍ക്കും ഒളിവില്‍ പാര്‍ക്കാന്‍ സൗകര്യം ചെയ്ത് കൊടുത്ത കുടുംബമായിരുന്നു ഇവരുടേത്. ഇതിനിടയ്ക്കായിരുന്നു മികച്ച പ്രഭാഷകന്‍ കൂടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഏറനാട് താലൂക്ക് സെക്രട്ടറി മുഹമ്മദ് ഇസ്ഹാഖുമായുള്ള അടുപ്പം. ഈ ബന്ധം വിവാഹത്തില്‍ കലാശിച്ചു. ഡല്‍ഹി ജാമിയ മില്ലിയയില്‍ കുറച്ച് കാലം സേവനം അനുഷ്ഠിച്ച ശേഷം പട്ടാമ്പി ഗവ. കോളേജില്‍ ചരിത്ര വിഭാഗം അധ്യാപികയായി ചുമതലയേറ്റു. ‘മധ്യകാലഇന്ത്യാ ചരിത്രം’ എന്ന തലക്കെട്ടിലുള്ള ഇവരുടെ പുസ്തകം സിലബസിലുള്‍പ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ വിയോഗശേഷം ഓസ്‌ട്രേലിയയിലേക്ക് മക്കളുടെ അടുത്തേക്ക് പോയ ഇവര്‍ ഏറെക്കാലമായി അവിടെയായിരുന്നു താമസം. നാട്ടിലുള്ളപ്പോള്‍ ഇടക്കാലത്ത് കേരളത്തിലെ മൊത്തം സഹകരണ മില്ലുകളുടെ ഭരണ നിര്‍വഹണച്ചുമതല വഹിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ പ്രാക്ടിസ് ചെയ്തിരുന്ന മകള്‍ ഡോ. നിഷ്ഹത്ത് കഴിഞ്ഞ വര്‍ഷം അന്തരിച്ചു. രണ്ടാമത്തെ മകള്‍ നീന ഓസ്‌ട്രേലിയയിലാണ്. മരുമക്കള്‍ : ഡോ. അബ്ദുറസാഖ്, ആനക്കയം, ഷൌക്കത്ത് ഫറോക്ക് ( ഇരുവരും ഓസ്‌ട്രേലിയ ).






