തെഹ്‌റാൻ – അമേരിക്കയുടെ ഉപരോധങ്ങളും ഭീഷണികളും സമാധാനപരമായ ഒത്തുതീർപ്പുകൾക്ക് വലിയ തടസ്സമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. സമാധാന ചർച്ചകൾക്ക് പ്രധാന തടസ്സമാകുന്നത് അമേരിക്കയുടെ വാഗ്ദാന ലംഘനങ്ങളും ഇറാനിലെ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധങ്ങളുമാണ്. അമേരിക്കയുടെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വൈരുധ്യം ലോകത്തിന് മുന്നിൽ പ്രകടമാണെന്നും, എന്നാൽ ഇറാൻ എപ്പോഴും ചർച്ചകളെയും സമാധാനപരമായ നീക്കങ്ങളെയും സ്വാഗതം ചെയ്യുന്നുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
അമേരിക്കൻ ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് അസാധ്യമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു. വെടിനിർത്തൽ കരാറുകൾ ലംഘിക്കപ്പെടുകയും സയണിസ്റ്റ് ശക്തികൾ വിവിധ മേഖലകളിൽ യുദ്ധം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ പൂർണ്ണമായ വെടിനിർത്തൽ കൊണ്ട് അർത്ഥമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീഷണികളിലൂടെയോ സൈനിക ആക്രമണങ്ങളിലൂടെയോ ലക്ഷ്യങ്ങൾ നേടാമെന്ന് അമേരിക്ക കരുതേണ്ടെന്നും, ഇറാൻ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കുക മാത്രമാണ് മുന്നോട്ടുള്ള ഏക വഴിയെന്നും ഖാലിബാഫ് കൂട്ടിച്ചേർത്തു.
ഏപ്രിൽ 11-ന് ഇസ്ലാമാബാദിൽ വെച്ച് ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. ഖാലിബാഫ് ഇറാൻ സംഘത്തെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അമേരിക്കൻ സംഘത്തെയും നയിച്ച ഈ ചർച്ചയിൽ പ്രധാന വിഷയങ്ങളിൽ ധാരണയിലെത്താൻ സാധിച്ചില്ല. ദീർഘകാലാടിസ്ഥാനത്തിലുള്ള സമാധാന കരാറിൽ ഒപ്പിടുന്നതിന് ചില അഭിപ്രായവ്യത്യാസങ്ങൾ തടസ്സമായതായി ഇരുരാജ്യങ്ങളും പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.
ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടാൻ താൻ ആഗ്രഹിക്കുന്നതായി യു.എസ് പ്രസിഡന്റ് കഴിഞ്ഞ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ അമേരിക്ക ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം അംഗീകരിക്കില്ലെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. സ്വന്തം രാജ്യത്തിന്റെ താൽപ്പര്യങ്ങൾ പരിഗണിച്ചുമാത്രമേ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം.



