ജിദ്ദ; നാളെ(മെയ് 4, ശനി) മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ സൗദി അധികൃതർ നൽകുന്ന പെർമിറ്റ് ആവശ്യമാണെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ഹജ് കാലത്ത് തിരക്ക് ഒഴിവാക്കാനുള്ള പതിവുരീതിയുടെ ഭാഗമായാണ് നാളെ മുതലുള്ള നിയന്ത്രണം. എല്ലാവർഷവും ഇത്തരത്തിൽ ഹജ് സീസണിൽ പൊതുസുരക്ഷാ വകുപ്പ് മക്കയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്..
നാളെ മുതൽ മക്കയിലേക്ക് ആർക്കൊക്കെ പ്രവേശിക്കാനാകും.
മക്കയിൽ ആസ്ഥാനമുള്ള കമ്പനികളിലെ ജീവനക്കാർക്ക് മക്കയിൽ പ്രവേശിക്കാം.ഇവരുടെ ഇഖാമ മക്കക്ക് പുറത്തുനിന്നാണ് ഇഷ്യൂ ചെയ്തത് എങ്കിലും ഇവർക്ക് മക്കയിലേക്ക് പ്രവേശനമുണ്ടാകും. അതിനായി അബ്ഷിർ പ്ലാറ്റ്ഫോമിൽനിന്ന് പെർമ്മിറ്റ് എടുക്കണം. പെർമിറ്റ് എടുക്കാൻ ജവാസാത്ത് ഓഫീസിൽ നേരിട്ട് പോകേണ്ടതില്ല. അബ്ഷിറിൽനിന്ന് സ്ഥാപനമുടമക്ക് പെർമിഷൻ ലഭിക്കും.
വാഹനങ്ങളും പെർമ്മിറ്റ് എടുക്കേണ്ടതുണ്ടോ.
വാഹനങ്ങൾക്കും മക്കയിലേക്ക് വരാൻ പെർമിറ്റ് ആവശ്യമാണ്. ഈ അനുമതിയും അബ്ഷിറിൽനിന്ന് ലഭിക്കും. പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് വരുന്നവരെ അതാത് പ്രവേശനകവാടങ്ങളിൽ തടയുകയും തിരിച്ചയക്കുകയും ചെയ്യും.
ഉംറ പെർമ്മിറ്റുള്ളവർക്ക് മക്കയിലേക്ക് പോകാം.
ഉംറ ചെയ്യാൻ അനുമതി ലഭിച്ചവർക്കും മക്കയിലേക്ക് പോകാം. വിദേശരാജ്യങ്ങളിൽനിന്ന് വന്നവർക്കും ഉംറ പെർമ്മിറ്റുണ്ടെങ്കിൽ മക്കയിലേക്ക് പോകാം. ഇവർക്ക് വേറെ അനുമതിയുടെ ആവശ്യമില്ല. അതേസമയം, ആഭ്യന്തര ഉംറ തീർത്ഥാടകരുടെ കാര്യം സംബന്ധിച്ച് അറിയിപ്പിലില്ല. ഇക്കാര്യത്തിൽ ഉടൻ തീരുമാനം വന്നേക്കും.