റാമല്ല – ഫലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവർത്തന ഏജൻസിയുടെ കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടിയതടക്കം, ഫലസ്തീൻ ജനതയ്ക്ക് അനുകൂലമായി യു.എൻ. ജനറൽ അസംബ്ലി പാസാക്കിയ അഞ്ച് പ്രമേയങ്ങളെ ഫലസ്തീൻ വിദേശ മന്ത്രാലയം സ്വാഗതം ചെയ്തു. ഈ പ്രമേയങ്ങൾ, ഫലസ്തീൻ ജനതയുടെ ന്യായമായ ആവശ്യങ്ങളോട് ലോകമെമ്പാടുമുള്ള ശക്തമായ ഐക്യദാർഢ്യത്തെയും അവരുടെ രാഷ്ട്രീയവും മാനുഷികവുമായ ആവശ്യങ്ങളെ പിന്തുണയ്ക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിൻ്റെ ഉത്തരവാദിത്തത്തെയും പ്രതിഫലിക്കുന്നു. റിലീഫ് ഏജൻസിക്കുള്ള സാമ്പത്തിക പിന്തുണ, അഭയാർഥികളുടെ അവകാശങ്ങൾ, സ്വത്തുവകകളുടെ സംരക്ഷണം, ഇസ്രായേലി കുടിയേറ്റ പ്രവർത്തനങ്ങളെയും ഫലസ്തീൻ പ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്നതിനെയും നിർബന്ധിത നാടുകടത്തലിനെയും ഗാസയിലെ വംശഹത്യ ശ്രമങ്ങളെയും അന്താരാഷ്ട്ര സമൂഹം നിരാകരിക്കുന്നത് എന്നിവയെല്ലാം ഈ പ്രമേയങ്ങളിലെ പ്രധാന വിഷയങ്ങളാണ്.


1948-ൽ ഇസ്രായേൽ രാഷ്ട്രം പ്രഖ്യാപിച്ചതിനെത്തുടർന്ന് 1949-ലാണ് യു.എന്‍ റിലീഫ് ഏജന്‍സി സ്ഥാപിതമായത്. ഗാസ, വെസ്റ്റ് ബാങ്ക്, ജോർദാൻ, ലെബനോൻ, സിറിയ എന്നിവിടങ്ങളിലെ അഭയാർഥികൾക്ക് വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും ഉൾപ്പെടെയുള്ള സഹായങ്ങൾ ഏജൻസി നൽകുന്നു. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിൽ യു.എന്‍ റിലീഫ് ഏജന്‍സി ജീവനക്കാർ പങ്കെടുത്തുവെന്ന ഇസ്രായേലിന്റെ ആരോപണങ്ങളെ തുടർന്ന് അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഏജൻസിക്കുള്ള ധനസഹായം താൽക്കാലികമായി നിർത്തിവച്ചിരുന്നു. എങ്കിലും, ഈ വാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ഇസ്രായേൽ നൽകിയിട്ടില്ലെന്ന് പിന്നീട് യു.എൻ. വർക്കിംഗ് ഗ്രൂപ്പിൻ്റെ അവലോകനത്തിൽ കണ്ടെത്തി. ഫലസ്തീൻ അഭയാർഥികളുടെ ദുരിതങ്ങൾക്ക് ന്യായമായ ശാശ്വത പരിഹാരം കണ്ടെത്തുന്നതുവരെ അവരെ പിന്തുണയ്ക്കാനുള്ള ആഗോള ഉത്തരവാദിത്തമാണ് യു.എൻ. തീരുമാനം എന്ന് യു.എന്‍ റിലീഫ് ഏജന്‍സി കമ്മീഷണർ ഫിലിപ്പ് ലസാരിനിയും അഭിപ്രായപ്പെട്ടു.



