ഗാസ – പതിനഞ്ചു മാസമായി നിലക്കാതെ മുഴങ്ങിയ വെടിയൊച്ചകളും ബോംബാക്രമണങ്ങളും അവസാനിച്ചതോടെ ആയിരക്കണക്കിന് ഫലസ്തീനി അഭയാര്‍ഥികള്‍ സ്വന്തം വീടുകളിലേക്കും പ്രദേശങ്ങളിലേക്കും മടങ്ങാന്‍ തുടങ്ങി. വീടുകളിലേക്ക് മടങ്ങുന്ന അഭയാര്‍ഥികളെ കൊണ്ട് ഗാസയിലെ പ്രധാന റോഡുകള്‍ തിങ്ങിനിറഞ്ഞു. കാല്‍നടയായും വാഹനങ്ങളിലും ട്രക്കുകളിലും സാധനങ്ങള്‍ വഹിച്ചുകൊണ്ടാണ് അഭയാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നത്. ഗാസ സിറ്റിയില്‍ നിന്ന് ഉത്തര ഗാസ ഭാഗങ്ങളിലേക്കാണ് കാര്യമായും അഭയാര്‍ഥികള്‍ മടങ്ങുന്നത്.

മൂന്നു മണിക്കൂറോളം വൈകി ഇന്ന് രാവിലെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നത്. ഇതിന് അര മണിക്കൂര്‍ മുമ്പു തന്നെ വെടിയൊച്ചകളും വ്യോമാക്രമണങ്ങളും നിലച്ചതായി ഗാസ നിവാസികളും മെഡിക്കല്‍ വൃത്തങ്ങളും പറഞ്ഞു. വെടിനിര്‍ത്തല്‍ ആരംഭിക്കേണ്ടിയിരുന്ന ജി.എം.ടി സമയം 06.30 നും അത് പ്രാബല്യത്തില്‍ വന്ന ജി.എം.ടി സമയം 09.15 നും ഇടയില്‍ ഇസ്രായിലി ആക്രമണങ്ങളില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു.

കരാറിന്റെ ഭാഗമായി വിട്ടയക്കപ്പെടുന്ന ആദ്യത്തെ മൂന്ന് ബന്ദികളുടെ പേരുകള്‍ അടങ്ങിയ പട്ടിക ഹമാസ് കൈമാറാതിരുന്നതാണ് കാലതാമസത്തിന് ഇടയാക്കിയതെന്ന് ഇസ്രായില്‍ പറഞ്ഞു. സാങ്കേതിക കാരണങ്ങളാണ് കാലതാമസത്തിന് ഇടയാക്കിയതെന്ന് ഹമാസ് പറഞ്ഞു. ഈ കാരണങ്ങള്‍ ഹമാസ് വ്യക്തമാക്കിയില്ല. വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് മുമ്പ് മധ്യസ്ഥര്‍ 48 മണിക്കൂര്‍ ശാന്തത അഭ്യര്‍ച്ചിരുന്നു. എന്നാല്‍ സമയപരിധി അവസാനിക്കുന്നതുവരെ ഇസ്രായില്‍ ആക്രമണം തുടര്‍ന്നതിനാല്‍ വിട്ടയക്കപ്പെടുന്ന ബന്ദികളുടെ പേരുകള്‍ അടങ്ങിയ പട്ടിക കൈമാറല്‍ ദുഷ്‌കരമാക്കുകയായിരുന്നെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു.