ജിദ്ദ – ഹജും ഉംറയുമായും ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന സമഗ്ര പ്ലാറ്റ്‌ഫോം ആയ നുസുക് ആപ്പ് പരിഷ്‌കരിക്കുമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. ആപ്പ് പരിഷ്‌കരിക്കാന്‍ ഉപയോക്താക്കളുടെ നിര്‍ദേശങ്ങളും ആശയങ്ങളും കേള്‍ക്കാനും നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തി തീര്‍ഥാടകര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച അനുഭവം ലഭ്യമാക്കാനും ശ്രമിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഹജ്, ഉംറ അനുഭവം മെച്ചപ്പെടുത്താനുള്ള വിഷന്റെ ഭാഗമായി സൗദി അറേബ്യ നല്‍കുന്ന പ്രധാന സാങ്കേതിക ടൂളുകളില്‍ ഒന്നാണ് നുസുക് ആപ്പ്. ഉംറ, റൗദ സിയാറത്ത് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യല്‍, പെര്‍മിറ്റ് ഇഷ്യു ചെയ്യല്‍, ഗൈഡിംഗ് മാപ്പുകള്‍ ലഭ്യമാക്കല്‍ അടക്കമുള്ള സേവനങ്ങള്‍ നുസുക് ആപ്പിലുണ്ട്. ആപ്പ് പരിഷ്‌കരിക്കാന്‍ സഹായിക്കുന്ന ആശയങ്ങളും നിര്‍ദേശങ്ങളും സൗദി പൗരന്മാരില്‍ നിന്നും വിദേശികളില്‍ നിന്നും ലോക രാജ്യങ്ങളിലെങ്ങുമുള്ള ഹജ്, ഉംറ തീര്‍ഥാടകരില്‍ നിന്നും ഹജ്, ഉംറ മന്ത്രാലയം സ്വീകരിക്കും.
ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ഹജ്, ഉംറ തീര്‍ഥാടകരെ സേവിക്കുന്ന സാങ്കേതിക സേവനങ്ങളും പശ്ചാത്തല സൗകര്യങ്ങളും വികസിപ്പിക്കാന്‍ സൗദി അറേബ്യ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് നുസുക് ആപ്പ് വികസിപ്പിക്കുന്നത്. മുഴുവന്‍ തീര്‍ഥാടകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന സമ്പൂര്‍ണ ടൂള്‍ ആയി നുസുക് ആപ്പിനെ മാറ്റാനാണ് ഹജ്, ഉംറ മന്ത്രാലയം ശ്രമിക്കുന്നത്.