തൃശൂർ- മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്. ആചാരപരമായ ചടങ്ങുകൾ മാത്രമായി പൂരം പരിമിതപ്പെടുത്തും. നേരത്തെ സാമ്പിൾ വെടിക്കെട്ട് മാത്രം ഒഴിവാക്കാമെന്നായിരുന്നു പാറമേക്കാവ് ദേവസ്വത്തിന്റെ നിലപാടെങ്കിലും, ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൂർണ്ണമായും വെടിക്കെട്ട് വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുകയായിരുന്നു. തിരുവമ്പാടി ദേവസ്വം നേരത്തെ തന്നെ വെടിക്കെട്ടിൽ നിന്ന് പിന്മാറിയിരുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത യോഗത്തിലാണ് പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച അന്തിമ ധാരണയായത്. ആഘോഷങ്ങൾ പതിവുപോലെ നടക്കണമെന്ന് ദേവസ്വങ്ങൾ ആവശ്യപ്പെട്ടെങ്കിലും, മുണ്ടത്തിക്കോട് ദുരന്തം ഏൽപ്പിച്ച ആഘാതം മറക്കാൻ കഴിയില്ലെന്ന് സർക്കാർ പ്രതിനിധികൾ വ്യക്തമാക്കി. ഇതേത്തുടർന്ന് വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കാനും കുടമാറ്റം ലളിതമായി നടത്താനും തീരുമാനിച്ചു. മത്സരബുദ്ധിയോടെയുള്ള കുടമാറ്റം ഇത്തവണ ഉണ്ടാകില്ല. വെറും 15 മിനിറ്റ് മാത്രമായി കുടമാറ്റം ചുരുക്കും. സാധാരണയായി ഇരുവിഭാഗവും 55 സെറ്റ് കുടകൾ വീതം ഉയർത്താറുണ്ടെങ്കിലും ഇത്തവണ അത് പേരിന് മാത്രമായിരിക്കും.
കുടമാറ്റത്തിന് ആനകളുടെ എണ്ണത്തിൽ കുറവ് വരുത്തില്ലെന്നത് ഭക്തർക്ക് ആശ്വാസകരമാണ്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾക്കായി 15 ആനകൾ വീതം കുടമാറ്റത്തിന് അണിനിരക്കും. വെടിക്കെട്ട് ഉപേക്ഷിച്ചെങ്കിലും പൂരത്തിന്റെ മറ്റ് ആചാരപരമായ ചടങ്ങുകൾ മുറപോലെ നടക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. സർക്കാരിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ആഘോഷങ്ങളുടെ ആവേശം കുറച്ച്, ദുരന്തബാധിതരോടുള്ള ആദരസൂചകമായി ചടങ്ങുകൾ മാറ്റം വരുത്താൻ ദേവസ്വങ്ങൾ തയ്യാറായത്.



