പാരീസ് – ഇറാൻ യുദ്ധത്തിൽ പങ്കുചേരാനോ അമേരിക്കയെയും ഇസ്രായേലിനെയും സഹായിക്കാനോ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾ, ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിലും സഹകരിക്കില്ലെന്ന് വ്യക്തമാക്കി. യുദ്ധം പൂർണ്ണമായും അവസാനിച്ചാൽ മാത്രമേ തങ്ങൾ ഈ വിഷയത്തിൽ ഇടപെടുകയുള്ളൂ എന്ന നിലപാടാണ് അവർ സ്വീകരിച്ചിരിക്കുന്നത്. ഇറാനുമായുള്ള ആറാഴ്ച നീണ്ട സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ജലപാതയിൽ നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് തീരുമാനിച്ചത്. ഇറാൻ തുറമുഖങ്ങളിലേക്കും അവിടെനിന്നുമുള്ള കപ്പലുകൾക്ക് മാത്രമായിരിക്കും ഈ ഉപരോധമെന്ന് യു.എസ് സൈന്യം വ്യക്തമാക്കിയെങ്കിലും, ട്രംപിന്റെ ഈ കടുത്ത നിലപാട് സഖ്യകക്ഷികൾക്കിടയിൽ വലിയ വിള്ളലുണ്ടാക്കിയിട്ടുണ്ട്.
സംഘർഷം ആരംഭിച്ചത് മുതൽ ഇറാൻ തങ്ങളുടെ കപ്പലുകളൊഴികെ മറ്റുള്ളവയ്ക്ക് കടലിടുക്കിൽ ഏതാണ്ട് പൂർണ്ണമായ ഉപരോധം ഏർപ്പെടുത്തുകയും സ്ഥിരമായ നിയന്ത്രണത്തിനും ടോൾ പിരിക്കാനുമുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉപരോധത്തിൽ പങ്കുചേരാൻ തയ്യാറാകാത്ത നാറ്റോ രാജ്യങ്ങളെ നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും യൂറോപ്പിൽ നിന്ന് യു.എസ് സൈനികരെ പിൻവലിക്കുന്നത് പരിഗണിക്കുകയും ചെയ്യുന്നു. തങ്ങളുടെ വ്യോമാതിർത്തിയോ സൈനിക സഹായമോ നൽകില്ലെന്ന് വ്യക്തമാക്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഒരു സമ്മർദ്ദത്തിന് വഴങ്ങിയും ഈ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ആവർത്തിച്ചു.
അതേസമയം, ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിൽ ബഹുരാഷ്ട്ര പ്രതിരോധ ദൗത്യത്തിന് നീക്കങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യ, ഇറ്റലി, സ്പെയിൻ തുടങ്ങി മുപ്പതോളം രാജ്യങ്ങൾ ഇതിൽ പങ്കാളികളായേക്കും. യുദ്ധത്തിൽ നേരിട്ട് ഇടപെടാതെ കപ്പലുകൾക്ക് സുരക്ഷ നൽകുക എന്നതാണ് ഈ മിഷന്റെ ലക്ഷ്യം. എന്നാൽ നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും അന്താരാഷ്ട്ര സേനയുടെ രൂപീകരണം സങ്കീർണ്ണമാകുമെന്നുമാണ് തുർക്കിയുടെ നിലപാട്. ജൂലൈയിൽ നടക്കുന്ന ഉച്ചകോടിയിൽ ട്രംപുമായുള്ള ബന്ധം നാറ്റോ പുനഃക്രമീകരിക്കണമെന്നും തുർക്കി വിദേശമന്ത്രി ഹാക്കാൻ ഫിദാൻ ആവശ്യപ്പെട്ടു.



