കോഴിക്കോട്- പാണ്ഡിത്യത്തിന്റെ വിനയവും സൗമ്യമായ പെരുമാറ്റവും പുഞ്ചിരിയോടെയുള്ള സംസാരവുമാണ് പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരെ സവിശേഷമാക്കുന്നതെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുസ്മരിച്ചു. വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിക്കുമ്പോഴും വ്യക്തിപരമായ അടുപ്പവും പക്വമായ ഇടപെടലും കാത്തുസൂക്ഷിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും കാന്തപുരം അനുസ്മരണ കുറിപ്പിൽ അഭിപ്രായപ്പെട്ടു.
സംഘടനാ ഭിന്നത രൂക്ഷമായ ഘട്ടങ്ങളിൽ പോലും നല്ല രൂപത്തിലല്ലാതെ അദ്ദേഹം സംസാരിച്ചിട്ടില്ല. എപ്പോൾ, എവിടെ വെച്ചുകണ്ടാലും സലാം പറഞ്ഞ് ബന്ധം പുതുക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നത് ഞങ്ങൾക്കിടയിലെ പതിവായിരുന്നു. സമസ്ത ഐക്യത്തിനായി പലപ്പോഴും ഒരുമിച്ചിരുന്ന് സംസാരിച്ചിട്ടുണ്ട്. സുന്നി പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന ഒരുമയും സഹകരണവും സാധ്യമാക്കുന്നതിൽ അദ്ദേഹത്തിന്റെ നിലപാടിനും വീക്ഷണങ്ങൾക്കും വലിയ പങ്കുണ്ട്.
ആരോഗ്യകരമായ പ്രയാസം നേരിട്ട വേളയിൽ എന്റെ മകനോടും മരുമകനോടും അദ്ദേഹം സുഖാന്വേഷണങ്ങൾ നടത്തുകയും പ്രാർഥിക്കുകയുമുണ്ടായത് ഓർക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങൾ ഞാനും അന്വേഷിക്കാറുണ്ടായിരുന്നു. ധാരാളം മതപണ്ഡിതരെ വാർത്തെടുക്കുകയും സമൂഹത്തിന്റെ നന്മക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത മുതിർന്ന ഒരു പണ്ഡിതനെയാണ് ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിലൂടെ നഷ്ടമാവുന്നത്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ശിഷ്യരുടെയും സ്നേഹജനങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു. എല്ലാവരും അദ്ദേഹത്തിനായി പ്രാർഥിക്കണമെന്ന് അഭ്യർഥിക്കുന്നു. അല്ലാഹു പരലോക ജീവിതം സന്തോഷകരമാക്കട്ടെയെന്നും കാന്തപുരം പറഞ്ഞു.




