തെഹ്റാന്– തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന്റെ മാനേജ്മെന്റ് പുതിയ ഘട്ടത്തിലേക്ക് മാറ്റുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ പ്രഖ്യാപിച്ചു. തന്റെ പിതാവും മുൻ പരമോന്നത നേതാവുമായ അലി ഖാംനഇ കൊല്ലപ്പെട്ടതിന്റെ നാൽപ്പതാം ദിനത്തിലാണ് ഒമ്പത് പേജുള്ള കത്തിലൂടെ മുജ്തബ നിലപാട് വ്യക്തമാക്കിയത്. യുദ്ധത്തിന്റെ ആദ്യദിനം പിതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് അധികാരമേറ്റ മുജ്തബ ഖാംനഇ ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ പ്രസ്താവന ദൃശ്യങ്ങളോ ശബ്ദരേഖയോ ഇല്ലാതെ സ്റ്റേറ്റ് ടെലിവിഷനിലൂടെ വായിക്കുകയായിരുന്നു. അമേരിക്കയുമായും ഇസ്രായേലുമായും യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും രാജ്യത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും, പിതാവിന്റെയും മറ്റ് രക്തസാക്ഷികളുടെയും മരണത്തിന് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണത്തിൽ രാജ്യത്തിനുണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും ആക്രമണകാരികളെ ശിക്ഷിക്കാതെ വിടില്ലെന്നും മുജ്തബ ഖാംനഇ പറഞ്ഞു. ഹിസ്ബുള്ളയുൾപ്പെടെയുള്ള മുഴുവൻ പ്രതിരോധ മുന്നണികളെയും ഇറാൻ ഒന്നായിട്ടാണ് കാണുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികളെത്തുടർന്ന് സമാധാന ചർച്ചകൾക്കായി രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ഇറാൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിച്ചതുകൊണ്ട് ജനങ്ങൾ തെരുവുകളിൽ നിന്ന് പിന്മാറരുതെന്നും, ജനങ്ങളുടെ സാന്നിധ്യം ചർച്ചകളുടെ ഫലത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാൻ ഫീസ് (ടോൾ) ചുമത്തുന്നതിനെതിരെ ഡൊണാൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകി. ഇറാൻ വളരെ മോശമായാണ് പെരുമാറുന്നതെന്നും കപ്പലുകൾക്ക് ഫീസ് ചുമത്തുന്നത് ഉടൻ നിർത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ബുധനാഴ്ച മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായി പുനരാരംഭിച്ചിട്ടില്ല. വെടിനിർത്തലിന് ശേഷം ഇതുവരെ രണ്ട് ഇറാൻ എണ്ണ ടാങ്കറുകളും ആറ് ചരക്ക് കപ്പലുകളും മാത്രമാണ് ഈ പാതയിലൂടെ കടന്നുപോയതെന്ന് കപ്പൽ ഗതാഗതം നിരീക്ഷിക്കുന്ന കെപ്ലർ എന്ന ഏജൻസി വ്യക്തമാക്കി.



