ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ യോഗാ ക്യാമ്പിൽ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് 73 കാരൻ മരിച്ചു. ബൽവീർ സിംഗ് ഛബ്ര എന്നയാളാണ് മരിച്ചത്. നഗരത്തിലെ ഫൂട്ടി ഖോട്ടി പ്രദേശത്ത് നടന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ക്യാമ്പിൽ ഒരു കൂട്ടം ആളുകൾക്കൊപ്പം യോഗ പ്രകടനത്തിന് എത്തിയ ബൽവീർ സിംഗ് ഛബ്ര, വസ്ത്രം ധരിച്ച് കൈയിൽ ദേശീയ പതാകയുമായി ദേശഭക്തി ഗാനത്തിന് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞീവീഴുകയായിരുന്നു. യോഗയുടെ ഭാഗമായി നിലത്തു കിടക്കുകയാണെന്ന് കരുതിയാകണം കൂടെയുള്ളവർ ദേശീയഗാനത്തിന്റെ പശ്ചാതലത്തിലുള്ള നൃത്തം തുടർന്നു. ദേശീയ ഗാനത്തിന് ശേഷവും ബൽവീർ സിംഗ് ഛബ്ര എഴുന്നേൽക്കാത്തതിനെ തുടർന്ന് മറ്റുള്ളവർ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
