റിയാദ്: തിരുവനന്തപുരം–റിയാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നതിനെ തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം സ്വാഗതം ചെയ്തു. പ്രവാസികളുടെ ദീർഘകാല ആവശ്യത്തിന് ലഭിച്ച ഭാഗിക അംഗീകാരമാണിതെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
എങ്കിലും, എയർ ഇന്ത്യ എക്സ്പ്രസ് വരുന്നതുകൊണ്ടു മാത്രം തെക്കൻ കേരളത്തിലെ സൗദി പ്രവാസികളുടെ യാത്രാദുരിതത്തിന് പൂർണ പരിഹാരമാകില്ലെന്ന് ഫോറം ചൂണ്ടിക്കാട്ടി. സൗദിയ (സൗദി അറബിയൻ എയർലൈൻസ്) തിരുവനന്തപുരം സർവീസ് പുനരാരംഭിക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ച് പോരാട്ടം തുടരും.
സർക്കാർ മേഖലയിലും പ്രമുഖ കമ്പനികളിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഔദ്യോഗിക യാത്രകൾക്കും അവധിക്കാലത്തിനും സ്ഥാപനങ്ങൾ സൗദിയ ടിക്കറ്റുകളാണ് സാധാരണയായി നൽകുന്നത്. സൗദിയ സർവീസ് പുനരാരംഭിക്കാത്ത പക്ഷം ഈ വിഭാഗത്തിൽപ്പെടുന്ന യാത്രക്കാർക്ക് പുതിയ എയർ ഇന്ത്യ എക്സ്പ്രസ് സർവീസിന്റെ പ്രയോജനം ലഭിക്കില്ല. അതിനാൽ ഈ സർവീസിനെ സൗദിയക്കുള്ള പകരമായി കാണാൻ കഴിയില്ലെന്ന് ഫോറം വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിന് സൗദിയയുടെ ‘പോയിന്റ് ഓഫ് കോൾ’ അനുമതി ലഭ്യമാക്കി റിയാദ്–തിരുവനന്തപുരം നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാറിലും വ്യോമയാന മന്ത്രാലയത്തിലും സമ്മർദം ശക്തമാക്കും.
ഫോറം ചെയർമാൻ ഡോ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ ബഷീർ കോട്ടയം, മീഡിയ കോർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി എന്നിവരാണ് പ്രസ്താവനയിറക്കിയത്.







