മലപ്പുറം- നിലമ്പൂരിന്റെ ഉള്ളും പുറവും ഉള്ളംകൈയ്യില്‍ കൊണ്ടുനടന്ന കുഞ്ഞാക്ക എന്ന ആര്യാടന് മുഹമ്മദിന്റെ സ്വന്തം ബാപ്പൂട്ടി നിയമസഭയുടെ പടവുകള്‍ കയറുമ്പോള്‍ അത് നിലമ്പൂര്‍കാര്‍ക്കും ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. നിലമ്പൂര്‍ തേക്കുപോലെ കരുത്തുറ്റ മണ്ഡലമായിരുന്നു ആര്യാടന് മുഹമ്മദിന് നിലമ്പൂര്‍. 1987 മുതല്‍ 2016 വരെ ആര്യാടന് മുഹമ്മദ് എംഎല്‍എയും മന്ത്രിയുമായി വാണു. സഖാവ് കുഞ്ഞാലിയുടെ പേരില്‍ ആരോപണ വിധേയനായെങ്കില്‍ അതേ നാട്ടില്‍ കുഞ്ഞാലിയുടെ പാര്‍ട്ടിക്കാരെ കൊണ്ടുതന്നെ തനിക്ക് വിജയമുദ്രാവാക്യം വിളിപ്പിച്ച് കരുത്തുകാട്ടിയ ചരിത്രവും ആര്യാടന് മാത്രം സ്വന്തം. നിലമ്പൂരിലെ ആര്യാടന് ടച്ച് തിരിച്ചുവന്നിരിക്കുന്നു, മകന് ആര്യാടന് ഷൗക്കത്തിലൂടെ.
കെപിസിസി ജനറല്‍സെക്രട്ടറി ചുമതല വഹിക്കുന്ന ആര്യാടന് ഷൗക്കത്ത് സിനിമാ, വികസന, സാമൂഹിക മേഖലയിലും ഭരണ രംഗത്തും കഴിവു തെളിയിച്ച വ്യക്തിത്വമാണ്. വേറിട്ട ശൈലിയും പ്രവര്‍ത്തനവും കൈമുതലായുള്ള അദ്ദേഹം ദേശീയ, രാജ്യാന്തര ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ സിനിമകള്‍ക്ക് തിരക്കഥയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ മൂന്നു സിനിമകളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര പ്രവര്‍ത്തകനായി. കൂടാതെ മുഹമ്മദ് അബ്ദര്റഹിമാന് സാഹിബിന്റെ ആദര്ശവുമുയര്ത്തിപ്പിടിച്ച് ഫാഷിസത്തെ ചെറുക്കുന്ന പ്രമേയവുമായുള്ള ‘വര്‍ത്തമാനം’ എന്ന സിനിമക്കും തിരക്കഥ രചിച്ചു.
പതിനാലാം വയസ്സില്‍ മാനവവേദന് സ്കൂളില്‍ സ്കൂള്‍ ലീഡറായി തെരെഞ്ഞെടുക്കപ്പെട്ടതോടെയാണ് പൊതുപ്രവര്‍ത്തനത്തില്‍ ഇടപെട്ടു തുടങ്ങുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്തി. കെഎസ് യു താലൂക്ക് സെക്രട്ടറിയായി മാറി. പിന്നീട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി പദവി വഹിച്ചു. ഡിസിസി പ്രസിഡന്റ്, കേരള ദേശീയവേദി മലപ്പുറം ജില്ലാ പ്രസിഡന്റ്, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍, സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് സ്ഥാനങ്ങളും വഹിച്ചു.
നിലമ്പൂര്‍ നഗരസഭാ ചെയര്മാന് എന്ന നിലയില്‍ ജനകീയവും വേറിട്ടതുമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ അനുഭവ പരിചയവും 2005-ല്‍ ഷൗക്കത്തിനുണ്ട്. തുടര്‍ന്ന് പ്രസിഡന്റ് പദവിയും വഹിച്ചു. എല്ലാവര്ക്കും കുറഞ്ഞത് നാലാംക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യഗ്രാമമാക്കി ‘ജ്യോതിര്‍ഗമയ’ പദ്ധതിയിലൂടെ നിലമ്പൂരിനെ മാറ്റാന്‍ ഷൗക്കത്തിന് കഴിഞ്ഞു. ഈ മികച്ച പ്രവര്‍ത്തനത്തിന് ദേശീയ സാക്ഷരതാ മിഷന്റെ ദേശീയ സാക്ഷരതാ പുരസ്കാരവും കരസ്ഥമാക്കാന്‍ കഴിഞ്ഞു. നിലമ്പൂര്‍ പഞ്ചായത്ത് നഗരസഭയായപ്പോള്‍ നഗരസഭയുടെ പ്രഥമ ചെയര്‍മാനായി. 10 വര്‍ഷങ്ങളുടെ കാലയളവില്‍ മാതൃകാപരമായ പല പദ്ധതികള്‍ക്കും നേതൃത്വം നല്കി. ഇത്തരം മാതൃകാ പദ്ധതികള്‍ പരിഗണിച്ച് യൂനിസെഫ് നിലമ്പൂരിനെ ബാലസൗഹൃദ നഗരമായി പ്രഖ്യാപിച്ചു. ഒപ്പം തന്നെ യൂനിസെഫ് വിദ്യാഭ്യാസ സാമൂഹിക ക്ഷേമപദ്ധതികള്‍ പരിഗണിച്ച് ലേണിംഗ് സിറ്റി പദവിയും നല്കി. സര്‍ക്കാര്‍ സ്കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാനായി ഇംഗ്ലണ്ടില്‍ നിന്നും അധ്യാപകരെയെത്തിച്ച് സദ്ഗമയ എന്ന പദ്ധതി നടപ്പിലാക്കി സംസ്ഥാനത്തിന് തന്നെ മാതൃകയായ അദ്ദേഹം സ്ത്രീധന രഹിത ഗ്രാമമായും പാവപ്പെട്ടവര്‍ക്ക് ആയിരം വീട് നല്‍കിയും ജനങ്ങള്‍ക്കൊപ്പം നിന്നു. സ്വയംതൊഴില്‍ പരിശീലനത്തിനായി ‘വഴികാട്ടി’, ആദിവാസി ദലിത് സമൂഹത്തിന്റെ ഉയര്ത്തിക്കൊണ്ടുവാരാനായി ‘ഒപ്പത്തിനൊപ്പം’, വിശപ്പുരഹിത ഗ്രാമം തുടങ്ങിയ ഒട്ടനേകം പദ്ധതികള്‍ പതിവു രീതിയില്‍ നിന്നും മാറിനടക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ സൗജന്യഡയാലിസിസ് കേന്ദ്രത്തിന് തുടക്കമിടുന്നത് ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റായ കാലയളവിലാണ്. സംസ്ഥാനത്ത് താലൂക്കാശുപത്രിയിലെ ആദ്യത്തെ ഡയാലിസിസ് കേന്ദ്രമായിരുന്നു ഇത് എന്ന് മാത്രമല്ല ആരേഗ്യ രംഗത്തെ മറ്റു മികവിനും ഈ കേന്ദ്രം അംഗീകാരം നേടി. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കേരള പുരസ്കാരം ഉള്‍പ്പെടെ നേടാന്‍ കഴിഞ്ഞു. മാതാവ്: പിവി മറിയം. മുംതാസ് ബീഗമാണ് ഭാര്യ. ആനിമേഷന്‍ രംഗത്തും കലാരംഗത്തും പ്രവര്‍ത്തിക്കുന്ന ഡോ.ഒഷിന്‍ സാഗ, വിദ്യാര്‍ത്ഥികളായ ഒലിന്സാഗ, ഒവിന് സാഗ എന്നിവര്‍ മക്കളാണ്. ബഹുതല വ്യക്തിത്വമുള്ള ബാപ്പുട്ടി എന്ന ആര്യാടന് ഷൗക്കത്ത് ഇനി കേരള നിയമസഭയിയിലും ശ്രദ്ധേയനാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.