ജിദ്ദ- മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിന്റെ വാർഷികാഘോഷം ‘വാർഷികോത്സവ് 2026’ എന്ന പേരിൽ പ്രൗഢമായി സംഘടിപ്പിച്ചു. ജിദ്ദയിലെ മുതജരിബ് വില്ലയിൽ നടന്ന വിപുലമായ പരിപാടിയിൽ പ്രവാസി വനിതകൾക്കും കുട്ടികൾക്കുമായി നിരവധി ഗെയിംസുകളും ആവേശകരമായ മത്സരങ്ങളും അരങ്ങേറി. പ്രവാസത്തിന്റെ പരിമിതികൾക്കിടയിൽ കഴിയുന്ന മലയാളി കുടുംബങ്ങൾക്ക് നാടിന്റെ തനിമയും നാട്ടിലെ കലാ-കായികോത്സവങ്ങളുടെ പ്രതീതിയും സമ്മാനിച്ച ഒന്നായിരുന്നു ഈ ഒത്തുചേരൽ.
വനിതാ വിംഗ് പ്രസിഡന്റ് റസീന പള്ളിപ്പറമ്പൻ അധ്യക്ഷത വഹിച്ച ചടങ്ങ് സൗദി നാഷണൽ കെ.എം.സി.സി സെക്രട്ടറി നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി നാണി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഇല്ല്യാസ് കല്ലിങ്ങൽ, അഷ്റഫ് മുല്ലപ്പള്ളി, അബൂട്ടി പള്ളത്ത്, ഖുവൈസ ഏരിയ സെക്രട്ടറി സുലൈമാൻ കൊടവണ്ടി, ഹസീന വണ്ടൂർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.
വനിതാ വിംഗ് സെക്രട്ടറി സൻഹ ബഷീറിന്റെ നിയന്ത്രണത്തിൽ നടന്ന മത്സരങ്ങളിലെ വിജയികൾക്ക് ഭാരവാഹികളായ സലീന ടീച്ചർ, ജാസ്മിൻ വണ്ടൂർ, ഖദീജ മുഹമ്മദ്, ശബ്ന സക്കരിയ്യ, ഇർഷാദ കെ പി, സുഹറാബി മഞ്ചേരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സോഫിയ സുനിൽ, അഫ്സൽ എപ്പിക്കാട്, ഫർസാന എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ മനോഹരമായ സംഗീത വിരുന്ന് പരിപാടിയുടെ മാറ്റുകൂട്ടി. സദസ്സിനെ ആവേശത്തിലാഴ്ത്തി അവസാന ഇനമായി പ്രഖ്യാപിച്ച സർപ്രൈസ് ഗിഫ്റ്റും വാർഷികോത്സവത്തിന്റെ പ്രധാന ആകർഷണമായി മാറി.
ആഘോഷങ്ങളിൽ മജീദ് കള്ളിയിൽ, ഉനൈസ് കരിമ്പിൽ, യാസിദ് തിരൂർ, ശിഹാബ് പുളിക്കൽ, അലി പാങ്ങാട്ട്, കോയ മോൻ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. മലപ്പുറം ജില്ലാ കെ എം സി സി വനിതാ വിംഗ് ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത് സ്വാഗതവും ട്രഷറർ ഷഫീദ എൻ നന്ദിയും രേഖപ്പെടുത്തി. കലാ-കായിക പരിപാടികളാൽ സമ്പന്നമായ ‘വാർഷികോത്സവ് 2026’ ജിദ്ദയിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവവും മികച്ചൊരു അടയാളപ്പെടുത്തലുമായി.



