കോട്ടയം– നിയമസഭാ തിരഞ്ഞെടുപ്പിൽ നിലംപരിശായി ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം). മത്സരിച്ച 12 സീറ്റുകളിലും പരാജയപ്പെട്ട പാർട്ടിക്ക് തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ പോലും ഇത്തവണ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. പാർട്ടിയുടെ ഏറ്റവും വലിയ തിരിച്ചടിയായത് ചെയർമാൻ ജോസ് കെ. മാണി പാലാ മണ്ഡലത്തിൽ വീണ്ടും പരാജയപ്പെട്ടതാണ്. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി മാണി സി. കാപ്പൻ 2,991 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോസ് കെ. മാണിയെ പരാജയപ്പെടുത്തിയത്. പാലായിൽ മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർത്ഥി ഷോൺ ജോർജ് നേടിയ 35,304 വോട്ടുകൾ ഇടത് മുന്നണിയുടെ വിജയസാധ്യതകളെ കാര്യമായി ബാധിച്ചു. മാണി സി. കാപ്പൻ 50,799 വോട്ടുകൾ നേടിയപ്പോൾ ജോസ് കെ. മാണിക്ക് 47,808 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
പാർട്ടിയിലെ രണ്ടാമനായ റോഷി അഗസ്റ്റിന്റെ പരാജയവും ഇടതുക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി റോയ് കെ. പൗലോസിനോട് 23,822 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് റോഷി അഗസ്റ്റിൻ പരാജയപ്പെട്ടത്. മധ്യതിരുവിതാംകൂറിലെ പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കുകളിൽ ആഞ്ഞടിച്ച യുഡിഎഫ് തരംഗം കേരള കോൺഗ്രസ് (എം)-നെ പൂർണ്ണമായും തകർത്തു. കടുത്തുരുത്തി, ചങ്ങനാശേരി തുടങ്ങിയ നിർണ്ണായക മണ്ഡലങ്ങളിലും പാർട്ടിയുടെ പ്രമുഖർക്ക് കനത്ത തിരിച്ചടി നേരിട്ടു. കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജിനും ചങ്ങനാശ്ശേരിയിൽ അഡ്വ. ജോബ് മൈക്കിളിനും ഒരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞില്ല. കൂടാതെ ചാലക്കുടിയിൽ അഡ്വ. ബിജു ചിറയത്ത്, റാന്നിയിൽ പ്രമോദ് നാരായണൻ, തൊടുപുഴയിൽ സിറിയക് ചാഴിക്കാടൻ, പിറവത്ത് സാബു കെ. ജേക്കബ് എന്നിവരും പരാജയത്തിന്റെ കയ്പുനീർ കുടിച്ചു.
എൽഡിഎഫ് സർക്കാരിനെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരം ഏറ്റവും കൂടുതൽ ബാധിച്ച ഘടകകക്ഷിയായി ജോസ് കെ. മാണിയുടെ പാർട്ടി മാറി. യുഡിഎഫിൽ നിന്ന് പുറത്തുവന്നതിന് ശേഷമുള്ള രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട ഈ സമ്പൂർണ്ണ പരാജയം പാർട്ടിയുടെ രാഷ്ട്രീയ ഭാവിക്ക് തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ വോട്ടർമാർ പൂർണ്ണമായും തള്ളിക്കളഞ്ഞുവെന്നാണ് ഈ ഫലങ്ങൾ വ്യക്തമാക്കുന്നത്. മധ്യകേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ കേരള കോൺഗ്രസ് (എം)-ന്റെ സ്വാധീനം നഷ്ടപ്പെടുന്നു എന്നതിന്റെ സൂചനയായും ഈ ഫലത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നു.



