തെഹ്‌റാൻ – ലെബനോനിൽ വെടിനിർത്തൽ നടപ്പാക്കിയാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകളുമായി സഹകരിക്കൂ എന്ന് ഇറാൻ വ്യക്തമാക്കി. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് പിന്നാലെ, യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനുള്ള കരാറിനായി ഇറാനും അമേരിക്കയും തമ്മിൽ അടുത്ത ശനിയാഴ്ച ചർച്ചകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ലെബനോൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും വെടിനിർത്തൽ പാലിക്കുമെന്ന് അമേരിക്ക ഉറപ്പുനൽകിയാൽ മാത്രമേ ഈ ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു. പാകിസ്ഥാൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശങ്ങളുടെ പ്രധാന ഭാഗമാണ് ലെബനോനിലെ ആക്രമണം അവസാനിപ്പിക്കുക എന്നത്. അമേരിക്ക ഈ വാഗ്ദാനങ്ങൾ ലംഘിച്ചാൽ അത് ചർച്ചകളെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാൻ-അമേരിക്ക ചർച്ചകൾക്കായി പാകിസ്ഥാൻ സർക്കാർ ഇരുവിഭാഗങ്ങളെയും ഇസ്ലാമാബാദിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ ക്ഷണം ഇറാൻ ഗൗരവമായി പരിഗണിച്ചുവരികയാണ്. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ അമേരിക്ക തയ്യാറാകുന്നുണ്ടോ എന്നതിനെ ആശ്രയിച്ചായിരിക്കും ചർച്ചകളുടെ ഭാവി. സന്ദർശന കാര്യത്തിൽ അന്തിമ തീരുമാനമായാൽ ചർച്ചയിൽ പങ്കെടുക്കുന്ന പ്രതിനിധികളെ ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. കനത്ത സുരക്ഷയിൽ ഇസ്ലാമാബാദിലെ സൈനിക കേന്ദ്രത്തിലായിരിക്കും ഈ നിർണ്ണായക കൂടിക്കാഴ്ച നടക്കുക. പാകിസ്ഥാൻ സൈന്യത്തിനായിരിക്കും ചർച്ചാ വേദിയുടെ സുരക്ഷാ ചുമതല. ഒരു ദിവസത്തിലധികം നീണ്ടുനിൽക്കുന്ന നേരിട്ടുള്ള ചർച്ചകളാണ് ഇരുരാജ്യങ്ങളും തമ്മിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
നയതന്ത്ര ചർച്ചകളുടെ മുന്നോടിയായി ഇസ്ലാമാബാദിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ പാകിസ്ഥാൻ സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്ക് പ്രത്യേക കാരണങ്ങൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് കരുതപ്പെടുന്നു. അതേസമയം ആശുപത്രികൾ, പോലീസ് സ്റ്റേഷനുകൾ, വൈദ്യുതി, ഗ്യാസ് വിതരണം തുടങ്ങിയ അത്യാവശ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരും. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി എന്നിവരായിരിക്കും ഇറാന്റെ ഭാഗത്തുനിന്നും ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അമേരിക്കൻ സംഘത്തെ നയിക്കും. സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരും അമേരിക്കൻ പ്രതിനിധി സംഘത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.



