തെഹ്‌റാൻ- തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും അറേബ്യൻ ഉൾക്കടലിലുമുള്ള കപ്പൽ പാതകളിൽ നിയന്ത്രണം ശക്തമാക്കാൻ ലക്ഷ്യമിട്ട് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. ഇറാന്റെ തെക്കൻ തീരപ്രദേശത്തോട് ചേർന്നുള്ള ജലാശയങ്ങളുടെ നിയന്ത്രണം ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു. അറേബ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലുമായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 2,000 കിലോമീറ്ററോളം വരുന്ന ഇറാന്റെ തീരപ്രദേശങ്ങളിൽ ഇനി മുതൽ റെവല്യൂഷണറി നേവി ശക്തമായ നിരീക്ഷണം ഏർപ്പെടുത്തും. ഈ ജലാശയങ്ങളെ ഇറാന്റെ അഭിമാനത്തിന്റെയും ശക്തിയുടെയും പ്രതീകമാക്കാനും മേഖലയിൽ സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാനുമാണ് പുതിയ നടപടികളെന്ന് റെവല്യൂഷണറി നേവി കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മേഖലയിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്ന വിദേശ ശക്തികൾക്കെതിരെ ആയത്തുല്ല മുജ്തബ ഖാംനഇ കർശന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. അറേബ്യൻ ഉൾക്കടലിൽ ഗൂഢാലോചനകൾ നടത്തുന്ന വിദേശ ശക്തികൾക്ക് ഈ കടലിന്റെ അടിത്തട്ടിലല്ലാതെ മേഖലയിൽ ഒരിടത്തും സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദേശ ഇടപെടലുകളെ പൂർണ്ണമായും പ്രതിരോധിക്കാനും സ്വന്തം തീരദേശ സുരക്ഷ വർദ്ധിപ്പിക്കാനുമാണ് ഇറാൻ ഈ പുതിയ സമുദ്ര നിയന്ത്രണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ മേധാവിത്വം കൂടുതൽ ശക്തമാകും.



