പാരീസ് – ഫെബ്രുവരി 28-ന് ഇറാനിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിലുണ്ടായ ബോംബാക്രമണത്തിൽ 165-ലധികം പേർ കൊല്ലപ്പെട്ട സംഭവത്തിൽ യുദ്ധക്കുറ്റത്തിന് അന്വേഷണം വേണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ രീതി പരിശോധിക്കുമ്പോൾ കൃത്യമായ ലക്ഷ്യസ്ഥാനം കണ്ടെത്തി പ്രയോഗിക്കുന്ന ഗൈഡഡ് ബോംബുകളാണ് (Guided bomb) ഉപയോഗിച്ചതെന്ന് വ്യക്തമാകുന്നതായി സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഉടമസ്ഥതയിലുള്ള ഒരു കോമ്പൗണ്ടിനുള്ളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എന്നാൽ സൈനിക കേന്ദ്രത്തെയും സ്കൂളിനെയും മതിൽ കെട്ടി വേർതിരിച്ചിട്ടുണ്ടെന്നും സ്കൂളിലേക്ക് പ്രത്യേകം പ്രവേശന കവാടമുണ്ടെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടി. ഉപഗ്രഹ ചിത്രങ്ങൾ, വിദഗ്ധരുടെ നിഗമനങ്ങൾ, യു.എസ് ഉദ്യോഗസ്ഥരിൽ നിന്നും സൈന്യത്തിൽ നിന്നും ലഭ്യമായ വിവരങ്ങൾ എന്നിവയെല്ലാം ഈ സ്ഫോടനം യു.എസ് നടത്തിയ വ്യോമാക്രമണമാണെന്ന് സൂചിപ്പിക്കുന്നു.
അവിടെ ഒരു സ്കൂൾ പ്രവർത്തിക്കുന്നുണ്ടെന്നും ഉച്ചയ്ക്ക് മുൻപുള്ള സമയത്ത് കുട്ടികളും അധ്യാപകരും അവിടെ ഉണ്ടാകുമെന്ന കാര്യം ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നില്ലേ എന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഗവേഷക സോഫിയ ജോൺസ് ചോദിച്ചു. ഈ ആക്രമണത്തെക്കുറിച്ച് അടിയന്തരവും സമഗ്രവുമായ അന്വേഷണം വേണമെന്നും യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.



