വാഷിംഗ്ടണ്‍ – അഞ്ച് രാജ്യങ്ങള്‍ ഗാസയിലേക്ക് സൈന്യത്തെ അയക്കുമെന്ന് അറിയിച്ചതായി വാഷിംഗ്ടണില്‍ നടന്ന പീസ് ബോര്‍ഡ് യോഗത്തില്‍ അന്താരാഷ്ട്ര സുരക്ഷാ സേനാ കമാന്‍ഡര്‍ ജാസ്പര്‍ ജെഫേഴ്സ് പറഞ്ഞു. ഇന്തോനേഷ്യ അന്താരാഷ്ട്ര സേനയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ സ്ഥാനം സ്വീകരിച്ചിട്ടുണ്ട്. ഈജിപ്തും ജോര്‍ദാനും പോലീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കും. ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്സില്‍ സേവനമനുഷ്ഠിക്കാന്‍ സൈന്യത്തെ അയക്കുമെന്ന് പ്രതിജ്ഞയെടുത്ത ആദ്യത്തെ അഞ്ച് രാജ്യങ്ങള്‍ ഇന്തോനേഷ്യ, മൊറോക്കോ, കസാക്കിസ്ഥാന്‍, കൊസോവോ, അല്‍ബേനിയ എന്നിവയാണെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഫലസ്തീന്‍ പോലീസിനെ പരിശീലിപ്പിക്കാന്‍ ഈജിപ്തും ജോര്‍ദാനും ഉറപ്പുനല്‍കിയിട്ടുണ്ട് – പറഞ്ഞു.
ഇന്തോനേഷ്യ ഗാസ സേനയിലേക്ക് 8,000 മോ അതില്‍ കൂടുതലോ സൈനികരെ സംഭാവന ചെയ്യുമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ പറഞ്ഞു. ഗാസ മുനമ്പിനെ സ്ഥിരപ്പെടുത്താനായി പുതിയ അന്താരാഷ്ട്ര സേനയില്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സൈനിക യൂണിറ്റുകളെ വിന്യസിക്കുമെന്ന് പീസ് ബോര്‍ഡ് ഉദ്ഘാടന യോഗത്തില്‍ കസാഖ് പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ് പറഞ്ഞു. ഗാസയില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ മൊറോക്കോ തയ്യാറാണെന്ന് മൊറോക്കന്‍ വിദേശ മന്ത്രി നാസര്‍ ബൂരിത്ത പറഞ്ഞു.
2,000 പലസ്തീനികള്‍ പുതിയ ഫലസ്തീന്‍ പരിവര്‍ത്തന പോലീസ് സേനയില്‍ ചേരാന്‍ അപേക്ഷിച്ചതായി മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയയുടെ യു.എന്‍ കോര്‍ഡിനേറ്റര്‍ നിക്കോളായ് മ്ലാഡെനോവ് പറഞ്ഞു. ഗാസ മുനമ്പിലെ പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചതായി മ്ലാഡെനോവ് സ്ഥിരീകരിച്ചു. ഗാസയിലെ എല്ലാ സായുധ വിഭാഗങ്ങളെയും നിരായുധീകരിക്കുന്നതിന് ബദലൊന്നുമില്ലെന്ന് മ്ലാഡെനോവ് പറഞ്ഞു.
ഗാസയില്‍ പോരാടാന്‍ സൈന്യത്തെ അയക്കേണ്ട ആവശ്യമില്ലെന്ന് താന്‍ കരുതുന്നതായി സമാധാന ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഗാസ ഇനി തീവ്രവാദത്തിന്റെയും ഭീകരതയുടെയും കേന്ദ്രമല്ല. വിശ്വസനീയമായ ഒരു ഫലസ്തീന്‍ സേനക്ക് ഈജിപ്ത് പരിശീലനവും പിന്തുണയും നല്‍കും. ഗാസയില്‍ നല്ല ഭരണം നടക്കുന്ന ഒരു സാഹചര്യം കൈവരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.



