മക്ക – മിനായുടെ ശേഷി വര്‍ധിപ്പിക്കല്‍ അടക്കം 20 ലേറെ പദ്ധതികള്‍ മക്ക റോയല്‍ കമ്മീഷനു കീഴിലെ കിദാന ഡെവലപ്‌മെന്റ് കമ്പനി ഈ വര്‍ഷത്തെ ഹജിനു മുന്നോടിയായി നടപ്പാക്കി. 1,70,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കുന്നിന്‍ പ്രദേശങ്ങളും ദുര്‍ഘടമായ സ്ഥലങ്ങളും നിരപ്പാക്കിയാണ് മിനായുടെ ശേഷി വര്‍ധിപ്പിച്ചത്.
വൈദ്യുതി, ശീതീകരണ സംവിധാനങ്ങളുടെ ശേഷി ഉയര്‍ത്താനുള്ള പശ്ചാത്തല വികസന പദ്ധതികള്‍, ജലവിതരണ പൈപ്പ്‌ലൈന്‍ ശൃംഖല ശക്തിപ്പെടുത്തല്‍, 123 ഇരുനില ടോയ്‌ലെറ്റ് സമുച്ചയങ്ങളില്‍ 8,000 ടോയ്‌ലെറ്റുകള്‍ നിര്‍മിക്കല്‍, നടപ്പാതകളില്‍ ചൂട് കുറക്കല്‍, പച്ചവിരിച്ച സ്ഥലങ്ങള്‍, നടപ്പാതകളില്‍ സ്റ്റാളുകള്‍ സ്ഥാപിക്കല്‍ എന്നിവ അടക്കമുള്ള പദ്ധതികളും പൂര്‍ത്തിയാക്കി. ഈ പദ്ധതികള്‍ ഹാജിമാര്‍ക്ക് കൂടുതല്‍ സന്തോഷവും മികച്ച അനുഭവവും നല്‍കും.
സേവന ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലൂടെ 1,65,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്ത് കിദാന അല്‍വാദി പദ്ധതിയും നടപ്പാക്കി. പുണ്യസ്ഥലങ്ങളുടെ ആത്മീയതയാല്‍ പ്രചോദിതമായ ഒരു നാഗരിക ഐഡറ്റിയോടെയാണ് കിദാന അല്‍വാദി പദ്ധതി നടപ്പാക്കിയത്.