ഏദൻ- സൗദി അറേബ്യയിൽ നിന്ന് മടങ്ങുകയായിരുന്ന യെമനി പ്രവാസികൾ സഞ്ചരിച്ച ബസ് കിഴക്കൻ യെമനിൽ അപകടത്തിൽപ്പെട്ട് എട്ട് പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു. ഹദ്‌റമൗത്ത് ഗവർണറേറ്റിലെ അൽഅബർ ഇന്റർനാഷണൽ ഹൈവേയിൽ വെള്ളിയാഴ്ച രാത്രിയാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. മരുഭൂമിയിലൂടെ കടന്നുപോകുന്ന റോഡിൽ വെച്ച് പ്രവാസികൾ സഞ്ചരിച്ച ബസ് എതിരെ വന്ന ട്രക്കുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽപ്പെട്ട ഉടൻ തന്നെ പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ യെമൻ ഗവൺമെന്റിന്റെ ഗതാഗത മന്ത്രി മുഹ്സിൻ അൽഅംരി അടിയന്തിര ഫീൽഡ് ഇൻവെസ്റ്റിഗേഷൻ കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശം നൽകി. മന്ത്രി നേരിട്ട് ഇടപെട്ട് രൂപീകരിച്ച ഈ സമിതി അപകടസ്ഥലം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തുകയും അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയും ചെയ്യും. അന്താരാഷ്ട്ര റോഡുകളിലെ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനും മേൽനോട്ടം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ സഹായിക്കുന്ന തരത്തിൽ, അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഉൾപ്പെടുത്തിയ സമഗ്രമായ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാനും അന്വേഷണ സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.



