ന്യൂഡൽഹി– ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡ്യൂട്ടിക്കായി കേന്ദ്ര സർക്കാർ ജീവനക്കാരെ സൂപ്പർവൈസർമാരായി നിയമിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കെ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് തൃണമൂൽ ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന്, ജഡ്ജിമാരുടെ അവധി ദിനമായിട്ടും നാളെ പ്രത്യേക സിറ്റിംഗ് നടത്തി ജസ്റ്റിസ് പി.എസ് നരസിംഹയുടെ ബെഞ്ച് ഈ ഹർജി പരിഗണിക്കും. കമ്മീഷന്റെ പുതിയ തീരുമാനം വോട്ടെണ്ണൽ പ്രക്രിയയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്നാണ് ഭരണകക്ഷിയായ തൃണമൂലിന്റെ വാദം.
ബംഗാളിൽ വോട്ടെണ്ണലിനോട് അനുബന്ധിച്ച് രാഷ്ട്രീയ പോരാട്ടം കടുക്കുന്ന സാഹചര്യത്തിലാണ് ഈ നിയമനടപടി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ക്രമക്കേടുകൾ നടത്താൻ ശ്രമിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾക്ക് മുന്നിൽ തൃണമൂൽ നേതാക്കൾ പ്രതിഷേധ ധർണ്ണ നടത്തുകയും ചെയ്തിരുന്നു. വോട്ടെണ്ണൽ ദിവസം ക്രമക്കേടുകൾ തടയാൻ കർശന നടപടി വേണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. കേന്ദ്ര ജീവനക്കാരുടെ നിയമനത്തിൽ സുപ്രീം കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് വോട്ടെണ്ണൽ ഫലത്തോളം തന്നെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.



