റാമല്ല – ഇസ്രായിലും ഹമാസും തമ്മില്‍ ഒപ്പുവെക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മൂവായിരത്തിലേറെ ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുമെന്ന് കമ്മീഷന്‍ ഓഫ് ഡീറ്റെയ്‌നീസ് അഫയേഴ്‌സ് മേധാവി ഖദ്ദൂറ ഫാരിസ് പറഞ്ഞു. ഇതില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 200 തടവുകാരും ഉള്‍പ്പെടുന്നു. ആദ്യ ഘട്ടത്തില്‍ ഗാസയിലെ 25 ഇസ്രായിലി ബന്ദികളെ വിട്ടയക്കും. അതിനു പകരമായി നേരത്തെ ഷാലിത് കരാറിന്റെ ഭാഗമായി വിട്ടയച്ച ശേഷം വീണ്ടും അറസ്റ്റ് ചെയ്ത് ഇസ്രായില്‍ ജയിലുകളില്‍ അടച്ച 48 ഫലസ്തീനി തടവുകാരെയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 200 തടവുകാരെയും കുട്ടികളും സ്ത്രീകളും രോഗികളും ഉള്‍പ്പെടെ മറ്റു ആയിരം തടവുകാരെയും ഇസ്രായില്‍ വിട്ടയക്കുമെന്ന് ഖദ്ദൂറ ഫാരിസിനെ ഉദ്ധരിച്ച് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ മഅന്‍ റിപ്പോര്‍ട്ട് ചെയ്തു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാര്‍ ഒഴികെ, മുകളില്‍ പറഞ്ഞ എല്ലാ വിഭാഗങ്ങളും ജറൂസലം, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ അവരുടെ വീടുകളിലേക്ക് മടങ്ങും. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ മൂന്നു രാജ്യങ്ങളിലേക്ക് നാടുകടത്തപ്പെടാന്‍ സാധ്യതയുണ്ട്. വിട്ടയക്കുന്ന തടവുകാരെ വധിക്കുമെന്ന ഇസ്രായില്‍ ഭീഷണി ഒഴിവാക്കാന്‍ ഈ ഓപ്ഷന്‍ ആവശ്യവും ബുദ്ധിപരവുമാണെന്ന് ഖദ്ദൂറ ഫാരിസ് പറഞ്ഞു.
ഒന്നാം ഘട്ടത്തില്‍ വിട്ടയക്കപ്പെടുന്ന ബന്ദികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും പരിക്കേറ്റ സൈനികര്‍ ഉള്‍പ്പെടെ ഒമ്പുതു പേരെ കൂടി ഉള്‍പ്പെടുത്തണമെന്നും ഇസ്രായില്‍ നിര്‍ബന്ധിച്ചുവെന്ന് ഖദ്ദൂറ ഫാരിസ് വെളിപ്പെടുത്തി. ഇതിനു പകരമായി, ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൂടുതല്‍ ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. തടവുകാരെ കൈമാറുന്ന കരാര്‍ കൃത്യവും പിശകുകളില്ലാത്തതുമാക്കാനുള്ള മാനദണ്ഡങ്ങള്‍ പരിശോധിക്കാനായി ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ ദോഹയില്‍ എത്തും. ചര്‍ച്ചാ സംഘത്തില്‍ താന്‍ ഉള്‍പ്പെടുന്നില്ലെന്നും ഖദ്ദൂറ ഫാരിസ് പറഞ്ഞു.
വെടിനിര്‍ത്തല്‍, ബന്ദി കൈമാറ്റ കരാര്‍ സമീപസ്ഥമാണെന്നും ഇസ്രായില്‍ പുതിയ വ്യവസ്ഥകളൊന്നും മുന്നോട്ടുവെക്കുന്നില്ലെങ്കില്‍ വൈകാതെ മധ്യസ്ഥര്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കുമെന്നും ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ കാര്യത്തില്‍ ഹമാസ് വലിയ വഴക്കം കാണിച്ചതായി ജറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന തടവുകാരുടെ പട്ടിക സമര്‍പ്പിക്കാന്‍ സമ്മതിച്ചുകൊണ്ട് ഇസ്രായിലി പ്രതിനിധി സംഘത്തെ ഹമാസ് അത്ഭുതപ്പെടുത്തി. കൂടാതെ നിലവിലെ ചര്‍ച്ചയില്‍ ഇസ്രായിലിന്റെ അഭ്യര്‍ഥനയും വ്യവസ്ഥയും അടിസ്ഥാനമാക്കി 11 പേരെ കൂടി വിട്ടയക്കുന്ന ബന്ദികളുടെ പട്ടികയില്‍ ഹമാസ് ഉള്‍പ്പെടുത്തി.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഞായറാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ അടക്കം ഒപ്പുവെക്കാന്‍ സാധ്യതയുള്ള കരാറിനെ കുറിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ സഖ്യകക്ഷി അംഗങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചാല്‍ സര്‍ക്കാരിനെ താഴെയിറക്കില്ല എന്നതിന്, യുദ്ധം അവസാനിപ്പിക്കാനുള്ള മുന്‍ നിര്‍േദശങ്ങളെയെല്ലാം എതിര്‍ത്ത ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചുമായും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗവീറുമായും നെതന്യാഹു ധാരണയുണ്ടാക്കിയതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ പറഞ്ഞു.